വയനാട് കല്പറ്റയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതികൾ. പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നേപ്പാൾ സ്വദേശികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. ഭർതൃവീട്ടുകാർ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിക്ക് പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ചയാണ് നേപ്പാൾ സ്വദേശി പാർവ്വതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മേയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും ഭർതൃവീട്ടുകാരുകാരും കല്പറ്റയിലെ ഹോട്ടലിൽ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഭർതൃമാതാവ് ഹോട്ടലിൽ വെച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി.
നേരത്തെ തന്നെ ഗർഭം അലസിപ്പിക്കാൻ ഭർതൃമാതാവ് മഞ്ജു മരുന്ന് നൽകിയതായി പാർവ്വതി പറയുന്നു. ഏഴാം മാസത്തിൽ ആണ് പാർവതി ആൺകുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ കുഞ്ഞിനെ കഴുത്തു ഞരിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്നാണ് പ്രതികൾ പൊലീസിൽ നൽകിയ മൊഴി.