Thursday, 10 October - 2024

അമ്മയും കാമുകനും ശ്വാസംമുട്ടിച്ചുകൊന്ന പതിമൂന്നുകാരി, മരണത്തിന്റെ ചുരുളഴിച്ച പോസ്റ്റ് മോർട്ടം

കുറച്ചു നാളുകളായുള്ള കൂടിയാലോചനകൾക്കു ശേഷമാണ് ഞങ്ങളുടെ സ്കൂൾ ബാച്ച് മേറ്റ്സ് എല്ലാവരുംകൂടി ഒത്തു ചേരാൻ തീരുമാനിച്ചത്. ശാന്തസുന്ദരമായ കൂർഗിലെ ഒരു റിസോർട്ട് ബുക്ക് ചെയ്തു. കോട്ടക്കലിൽ നിന്ന് ഭാര്യയോടൊപ്പം യാത്രപുറപെട്ട ഞാൻ വഴിയിൽ കാത്തു നിന്ന രണ്ടു കൂട്ടുകാരെയും കൂട്ടി കുറച്ചു ദൂരം മുന്നോട്ടു പോയതേയുള്ളൂ. ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ഡിപ്പാർട്ട്മെൻ്റ് ഡ്യൂട്ടി ഡോക്ടറുടെ ഫോൺ കാൾ. “ സാർ ഒരു പേഷ്യൻ്റിനെ കൊണ്ട് വന്നിട്ടുണ്ട് ബ്രോട്ട് ഡെഡ് ആണ്. പതിമൂന്ന് വയസ്സായ പെൺകുട്ടിയാണ്. അപസ്മാരത്തിന് വർഷങ്ങളായി ചികിത്സ എടുക്കുന്നതാണെന്നാണ് പറഞ്ഞത്. ഇന്ന് അപസ്മാരമിളകി അനക്കമില്ലാതായപ്പോൾ ബന്ധുക്കൾ എടുത്തു കൊണ്ടു വന്നതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

“പതിമൂന്ന് വയസ്സായ പെൺകുട്ടിയല്ലേ മരിച്ചിരിക്കുന്നത്. എന്തായാലും ഇൻ്റിമേഷൻ പോലീസ് സ്റ്റേഷനിലേയ്ക്ക് വിടണം .” ഞാൻ ഡ്യൂട്ടി ഡോക്ടർക്ക് നിർദ്ദേശം കൊടുത്തു.
“ സർ , ആ കുട്ടിയുടെ അമ്മയും ബന്ധുക്കളും ബോഡി വിട്ടു കൊടുക്കണമെന്ന് പറഞ്ഞ് ഇവിടെ കരച്ചിലും ബഹളവുമാണ്. പോലീസ് വരാതെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” അയാൾ സംശയത്തോടെ ചോദിച്ചു.
“this is an unnatural death.(അസ്വാഭാവിക മരണം.) ഡോക്ടർമാരെന്ന നിലയിൽ മരണം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ബാക്കി അവർ തീരുമാനിക്കട്ടെ.”
കാറിലിരുന്ന് എൻ്റെ സംസാരം കേട്ട സുഹൃത്തിന് സംശയമായി. ഞാനെന്താ കടുംപിടുത്തം പിടിക്കുന്നതെന്ന്.

“ഡോക്ടർമാർക്ക് രോഗിയെ ചികിത്സിച്ചു ഭേദമാക്കുക എന്നതാണ് ജോലി. മരിച്ചവരുടെ കാര്യത്തിൽ അത് സ്ഥിരികരിച്ച് പോലീസ് സ്റ്റേഷനിൽ ഇൻ്റിമേഷൻ അയക്കുകയാണ് ഡോക്ടർ ചെയ്യേണ്ടത്. ഡോക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പോസ്റ്റ് മോർട്ടത്തിനു നിർദ്ദേശിക്കാം “

“അപ്പോൾ ഡോക്ടറല്ലേ പോസ്റ്റ്മോർട്ടത്തിന് ഉത്തരവിടുന്നത് “ എൻ്റെ സുഹൃത്തിൻ്റെ ചോദ്യം പലരുടെയും സംശയമായിട്ടാണെനിക്ക്. തോന്നിയത്
“ നമ്മുടെ നാട്ടിലെ നിയമപ്രകാരം സർ‍ക്കാർ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റ് മോർട്ടം നടത്തുന്നതെങ്കിലും അതിന് ഉത്തരവിടുന്നത് പോലീസ് ഓഫീസർമാരാണ്. മരണത്തിൽ അസ്വാഭാവികത തോന്നുമ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. താലൂക്ക് ആശുപത്രികളിൽ മോഡേൺ മെഡിസിൻ ബിരുദമുള്ള ഡോക്ടർമാരാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. ഫോറൻസിക് മെഡിസിൻ പോസ്റ്റ് ഗ്രാജുവേഷൻ ഉള്ള ഡോക്ടർമാരാണ് കൂടുതൽ സങ്കീർണമായ മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തുന്ന ഫോറൻസിക് സർജന്മാർ. അപകട മരണം, ആത്മഹത്യ , കൊലപാതകം , പോലീസ് കസ്റ്റഡി മരണം തുടങ്ങിയവയിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തും “
ഞങ്ങളുടെ സംസാരത്തെ തടസ്സപ്പെടുത്തിക്കൊണ്ടുവന്ന കോൾ സ്ഥലത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവിൻ്റെയായിരുന്നു.”

ഡോക്ടറെ ഇപ്പോൾ ആശുപത്രിയിൽ ഡെത്ത് ഡിക്ലേർ ചെയ്യപ്പെട്ട കുട്ടിയുടെ കുടംബം ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരാണ്. ഡോക്ടറൊന്നു സമ്മതിച്ചാൽ പോസ്റ്റ് മോർട്ടം ഒഴിവാക്കാമെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്ന് പറയുന്നത്. ബോഡി വേഗം വിട്ടുകൊടുക്കാനുള്ള ഏർപ്പാട് ചെയ്തു തരണം” ഇതേ കാര്യം പറഞ്ഞു കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് ഡ്യൂട്ടി ഡോക്ടറും വിളിച്ചു.
“സ്വന്തം മോളുടെ ശരീരം വെട്ടിപ്പൊളിക്കാൻ ഏതച്ഛനുമമ്മയ്ക്കുമാണ് താല്പര്യമുണ്ടാവുന്നത്?”സംഭാഷണം കേട്ടു നിന്ന് എൻ്റെ സുഹൃത്ത് ആശങ്ക പ്രകടിപ്പിച്ചു

ഞാൻ പറഞ്ഞു. “ പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനമെടുക്കേണ്ടത് ഒരിക്കലും ഡ്യൂട്ടി ഡോക്ടറല്ല. നമുക്കു വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ വേദനയും വിഷമവുമുണ്ടാകുന്നത് സ്വാഭാവികം. മരിച്ചു കഴിഞ്ഞാൽ യഥാർഥ്യത്തിൽ ഡെഡ് ബോഡിയുടെ ഉടമസ്മവസ്ഥാകാശം സ്റ്റേറ്റിനാണ് . സാമൂഹികവും വൈകാരികവുമായ സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ടു ബോഡി അടുത്ത ബന്ധുകൾക്ക് സംസ്കാരത്തിനായി അല്ലെങ്കിൽ മറവു ചെയ്യാനായി കൈമാറുന്നു എന്ന് മാത്രം. അല്ലാതെ ബന്ധുക്കളുടെ അധികാരമല്ല അത്. “ അന്തം വീട്ടിരിക്കുന്ന കൂട്ടുകാരോടായി ഞാൻ സംസാരം തുടർന്നു “പോസ്റ്റ് മോർട്ടം നടത്തുമ്പോൾ തല , നെഞ്ചിൻ കൂട് , വയറ് ഇതൊക്കെ തുറന്നു നോക്കുകയും ആന്തരികാവയങ്ങളും ശരീര സ്രവങ്ങളും പരിശോധന നടത്തുകയും വേണം. ഇതിൽ മൈക്രോബയോളജി , കെമിക്കൽ അനാലിസിസ് , ഹിസ്റ്റോ പാത്തോളജി മുതലായ പരിശോധനകളും വേണം.തുറന്നു വെച്ച ശരീര ഭാഗങ്ങളൊക്കെ വൃത്തിയായി തുന്നിക്കെട്ടിയ ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകുന്നത്.”

സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാനോർത്തത് എം.ബി.ബി.എസ് പഠനകാലത്തെ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് പോസ്റ്റിംഗ് ആയിരുന്നു. പത്ത് പോസ്റ്റ് മോർട്ടം കേസെങ്കിലും കരിക്കുലത്തിൻ്റെ ഭാഗമായി ഞങ്ങൾ കണ്ട് ലോഗ് ബുക്ക് തയ്യാറാക്കണം. ആദ്യമായി പോസ്റ്റ് മോർട്ടം മുറിയിൽ കയറിയ ദിവസം ഞാനോർക്കുന്നു. ആ മുറിക്കുള്ളിൽ നിന്നുള്ള രൂക്ഷഗന്ധം അടിച്ചപ്പോൾ ഞങ്ങളൊക്കെ മൂക്കുപൊത്തിയത് കണ്ട ഫോറൻസിക് പ്രൊഫസർ ആദ്യം പറഞ്ഞത് കൈയ്യെടുത്തു മാറ്റാനാണ്. ഈ ഗന്ധവും മരണകാരണം കണ്ടെത്താനുള്ള വഴികളാണ്. ഒരു കാലത്ത് നമ്മളെ പോലെ ജീവിച്ചിരുന്നയാളാണ് ഇന്ന് ചീഞ്ഞളിഞ്ഞു നാറി പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്നത് . മൃതദേഹത്തെ ആദരിക്കാൻ പഠിക്കണമെന്ന അദ്ദേഹത്തിൻ്റെ വാചകങ്ങൾ ഇപ്പോഴും എൻ്റെ ചെവിയിൽ മുഴങ്ങുന്നു. പുഴയിൽ ചാടി ചത്ത സുന്ദരിയായ യുവതിയുടെ കണ്ണുകൾ മീൻ കൊത്തിയെടുത്ത് ഒരു കുഴി മാത്രം ബാക്കി വെച്ചതും പുറമേക്ക് ഒരു പരിക്കുമില്ലാതെ റോഡപകടത്തിൽ മരിച്ച യുവാവിൻ്റെ വയറു തുറന്നപ്പോൾ ദഹിക്കാതെ കിടന്ന ഉച്ചയ്ക്കത്തെ ബിരിയാണിയിൽ ചോര പടർന്നു കിടക്കുന്നതും മനസ്സിൽ നീറ്റലായി കിടക്കുന്നു. വെട്ടും കുത്തുമേറ്റ് മരിച്ചയാളുടെ ശരീരത്തിലെ മുറിവുകളുടെ ആകൃതിയും നീളവും വീതിയും ആഴവും ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തിക്കൊണ്ട് ഫോറൻസിക് പ്രൊഫസർ പറഞ്ഞു.“ ഈ മുറിവുകളുണ്ടായത് ഏത് തരം ആയുധം ഉപയോഗിച്ചാലാണെന്ന നിഗമനം നമ്മൾ നടത്തണം. കോടതിയിൽ വിചാരണ സമയത്ത് എക്സ്പേർട്ട് വിറ്റ്നസ് ആയി നിൽക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാണ് “

“ പോസ്റ്റ്മോർട്ടത്തിന് ബന്ധുക്കളുടെ സമ്മതം വേണ്ടേ?” കൂട്ടുകാരൻ്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി
“മരണത്തിൽ സംശയമുള്ളപ്പോൾ ആർക്കു വേണമെങ്കിലും പരാതി ഉന്നയിക്കാം. അതിന് മരിച്ചയാളുമായി ബന്ധം വേണമെന്നില്ല. അസ്വാഭാവിക മരണത്തിൽ പോസ്റ്റ് മോർട്ടം നിർബന്ധമാണ്. അതിന് ബന്ധുക്കളുടെ സമ്മതം ആവശ്യമേയില്ല. ബന്ധുക്കൾ തടസ്സം നിന്നാൽ പോലീസിന് ബലമായി മൃതദേഹം പിടിച്ചെടുത്ത് പോസ്റ്റ് മോർട്ടം നടത്താം. തടസ്സപ്പെടുത്തിയവർക്ക് നേരെ കേസെടുക്കാനും വകുപ്പുണ്ട്. ചിലപ്പോഴെങ്കിലും സംശയത്തിൻ്റെ നിഴലിൽ നിന്ന് ബന്ധുക്കളെ രക്ഷിക്കാനും പോസ്റ്റ് മോർട്ടം സഹായിക്കും. ചില കേസുകളിലെങ്കിലും ബന്ധുക്കൾ തന്നെ കൊലപാതകം നടത്തിയതാണെന്ന ആരോപണമുയരാറുണ്ടല്ലോ. കൊലപാതകമല്ലെന്നും മരണത്തിൽ ദുരൂഹതയും അസ്വാഭാവികതയൊന്നുമില്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇത്തരം ഘട്ടത്തിൽ ബന്ധുക്കൾക്കു തന്നെയല്ലേ സഹായകരമാവുന്നത് . സമയം വൈകുന്നതിനനുസരിച്ച് മൃതദേഹം ചീഞ്ഞളിഞ്ഞു തെളിവുകൾ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അത് കൊണ്ട് എത്രയും വേഗം പോസ്റ്റ്മോർട്ടം ചെയ്യുന്നതാണ് അഭികാമ്യം. പകൽ സമയം മാത്രം ചെയ്തു കൊണ്ടിരുന്ന പോസ്റ്റ്മോർട്ടം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഇപ്പോൾ രാത്രിയും ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. “

സംസാരിച്ചു കൊണ്ട് കൂർഗിലെത്തിയതറിഞ്ഞില്ല . അവിടുത്തെ പ്രകൃതി ഭംഗിയും ശാന്തതയുമൊക്കെ ആവോളം നുകർന്ന് കൂട്ടുകാരുമൊത്ത് ഉല്ലസിച്ചു രണ്ടു ദിവസത്തിനു ശേഷം തിരിച്ച് നാട്ടിലെത്തി. പിന്നീട് പരിചയക്കാരനായ പോലീസുദ്യോഗസ്ഥൻ പറഞ്ഞറിഞ്ഞു. ആശുപത്രിയിൽ കൊണ്ടു വന്ന പതിമൂന്ന് വയസുകാരിയുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ ആ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പോലീസിൻ്റെ തുടരന്വേഷണത്തിൽ കുട്ടിയുടെ അമ്മയും അവരുടെ കാമുകനും തമ്മിലുള്ള രഹസ്യബന്ധം മകളറിഞ്ഞ വെപ്രാളത്തിൽ അവരിവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തെളിയിക്കപ്പെടുന്ന ഒരു പാട് കുറ്റങ്ങളിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വളരെയേറെ നിർണ്ണായകമാണ്. നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പോസ്റ്റ്മോർട്ടം സഹായകരമാവുന്നു.

എഴുത്ത്: ഡോ: മുരളീധരൻ എ കെ, കടപ്പാട്: മാതൃഭൂമി ഓൺലൈൻ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: