ന്യൂയോർക്ക്: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിമർശനത്തിൻ്റെ നിഴലിലായിരുന്നു സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം ഇതുവരെ. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ.
കൗമാരക്കാരെ നിയന്ത്രിക്കാൻ ടീൻ അക്കൗണ്ട് ഫീച്ചറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്ന് ഇൻസ്റ്റഗ്രാം അഭിപ്രായപ്പെട്ടു.
പുതിയ സംവിധാനം ഇതിനോടകം കമ്പനി നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതൽ ഇൻസ്റ്റാഗ്രാമിൽ സൈൻ അപ്പ് ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. ഈ മാറ്റങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ അറിയിക്കുകയും ചെയ്യും. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.





