കൊല പാതക കേസിൽ പെട്ട ഒരു മലയാളിക്ക് വധശിക്ഷയ്ക്ക് വിധേയനാക്കി, രാജകാരുണ്യം ലഭിച്ച ലിസ്റ്റിലുള്ള അഞ്ചോളം ഇന്ത്യക്കാർക്ക് യാത്രാ നിരോധം തടസമായി
ദമാം: വ്യത്യസ്ത കേസുകളിൽ പെട്ട് കിഴക്കൻ സഊദിയിലെ ജുബൈൽ ജയിലിൽ കഴിഞ്ഞ് വന്നിരുന്ന ഇന്ത്യൻ തടവുകാരിൽ മലയാളികളടക്കം പലരും ഇത്തവണയും പതിവനുസരിച്ചുള്ള രാജകാരുണ്യം കൊണ്ട് നാടണയാൻ ഭാഗ്യം ലഭിച്ചു. മയക്കുമരുന്ന് വില്പനയും ഉപയോഗവും മദ്യവാറ്റും വിൽപനയും കളവ്കേസ്, രേഖകളിൽ കൃത്രിമം കാണിക്കൽ, വഞ്ചന തുടങ്ങിയ വ്യത്യസ്ത കേസുകളിൽ ഒരു കൊല്ലം മുതൽ രണ്ടും അഞ്ചും പത്തും കൊല്ലം വരെ കോടതി ശിക്ഷ വിധിച്ചവരാണ് ശിക്ഷാകാലാവധി തികയുന്നതിൻ്റെ മുമ്പേ തന്നെ രാജകാരുണ്യം ലഭിച്ച് ജയിൽമോചിതരായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊലപാതകം, ബ്ലാങ്ക് ചെക്ക് നൽകി ഈയിടെയായി പിടിയിലായവരും, മയക്കുമരുന്ന് വിൽപന, ഉപയോഗം, മദ്യ വാറ്റും വിൽപനയും, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിൽ അറസ്റ്റിലായ എഴുപത്തി ഏഴോളം ഇന്ത്യൻ തടവുകാർ ഇനിയും ശിക്ഷാകാലാവധി കഴിയാനായി അവശേഷിക്കുന്നുണ്ട്. ഇവർ ജയിലിൽ കഴിയുകയാണ്. കോടതിയിൽ നിന്നും അന്തിമ വിധിയുടെ ഫയൽ ജയിലിൽ എത്തുന്നതോടെ ഏതാനും ചിലർക്ക് കൂടി രാജകാര്യണ്യം ലഭിച്ച് നാടണയാൻ അവസരം ലഭിക്കും.
ഇതിനിടെ കൊല പാതക കേസിൽ പെട്ട ഒരു മലയാളിക്ക് വധശിക്ഷയ്ക്ക് വിധേയനാവേണ്ടി വന്നു. ഇന്ത്യൻ എംബസിയും എംബസിയുടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയറിൻ്റെ ജന സേവന വിഭാഗം കോഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും മലയാളിയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാനായി ശ്രമം നടത്തിയിരുന്നു. എന്നാൽ കുറ്റ കൃത്യം നടത്തിയതിൽ പങ്കുള്ളതായി കോടതിക്ക് തെളിഞ്ഞതിനാലും മറുഭാഗം മാപ്പ് കൊടുക്കാൻ തയാറാവാത്തതും ശിക്ഷ നടപ്പാക്കുകയായിരുന്നു.
രാജകാരുണ്യം ലഭിച്ച ലിസ്റ്റിലുള്ള അഞ്ചോളം ഇന്ത്യക്കാർക്ക് നേരത്തെയുള്ള വിവിധ കേസുകളിൽ യാത്രാ നിരോധം (ട്രാവൽ ബാൻ) ഉള്ളതിനാൽ ജയിൽ മോചനം ലഭിക്കാതെ തടവിൽ തുടരുകയാണ്. തടസ്സങ്ങൾ നീങ്ങാനായി ശ്രമങ്ങൾ തുടരുന്നുണ്ട്. ഏതാണ്ട് നാൽപതോളം പേരാണ് ഇതിനകം രാജകാരുണ്യത്താൽ ജയിൽമോചിതരായി നാട്ടിലെത്തിയതും ജാമ്യം ലഭിച്ചവരും.
ജയിലധികൃതരുടെ അശ്രാന്ത പരിശ്രമങ്ങളും ആത്മാർത്ഥമായ സഹകരണങ്ങളും യാത്രാ രേഖകൾ ശരിപ്പെടുത്തി ജയിൽമോചിതരാവാൻ ആക്കം കൂട്ടുന്നു. സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ തുടരെയുള്ള ജയിൽ സന്ദർശനവും രേഖകൾ വേഗത്തിൽ ശരിപ്പെടുത്താൻ സഹായകരം ആകുന്നുണ്ട്. പാസ്പോർട്ടില്ലാത്ത പതിനഞ്ചോളം പേർക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി രേഖകൾ ശരിയാക്കി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട് പാസ് തരപ്പെടുത്തി കൊടുത്തു.
ഇന്ത്യൻ എംബസി ജയിൽ ആൻ്റ് തർഹീൽ വിഭാഗം ഓഫീസർ രാജീവ് സിക്രിയും യൂസുഫ് കാക്കഞ്ചേരിയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തി ഔട്ട് പാസ് ലഭിക്കുന്നത് തീർത്തും അഭിനന്ദനാർഹമാണ്. അധികം താമസിയാതെ ഏതാനും പേർ കൂടി ജയിൽമോചിതരായി നാട്ടിലെത്തുമെന്നതും ആശാവഹമാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക