ലിസ്ബൺ: ആ കാര്യത്തിൽ ഇനിയാർക്കും സംശയം വേണ്ട… സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ഫോളോവേഴ്‌സ് എന്ന റെക്കോർഡ് അത് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് സ്വന്തം. 100 കോടി ഫോളോവേഴ്‌സെന്ന അപൂർവ്വ നേട്ടമാണ് പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയത്.
ആറ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായാണ് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റഗ്രാമിൽ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം യുവേഫ നാഷൺസ് ലീഗിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയതിലൂടെ 900 ഗോളുകൾ എന്ന നമ്പറിലും താരം തൊട്ടിരുന്നു. അതിവേഗത്തിൽ ഗോൾഡൻ പ്ലേബട്ടൻ സ്വന്തമാക്കി യുട്യൂബിലും 39 കാരൻ വരവറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടിയെന്ന മാജിക് നമ്പറിലേക്കും എത്തിയത്. ‘നമ്മൽ ചരിത്രം സൃഷ്ടിച്ചു.
ഒരു ബില്യൺ ഫോളോവേഴ്‌സ്. ഇത് കേവലമൊരു സംഖ്യയല്ല. അതിലുപരി നമ്മൾ പങ്കിടുന്ന ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റേയും സ്‌നേഹത്തിന്റേയും തെളിവാണ്. മഡെയ്‌റയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ,എല്ലായിടത്തും എപ്പോഴും ഞാൻ കളിച്ചത് നിങ്ങൾക്കും എന്റെ കുടുംബത്തിനും വേണ്ടിയാണ്. ഇന്ന് നമ്മൾ ആ നേട്ടത്തിൽ തൊട്ടിരിക്കുന്നു. എന്റെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്നതിന് നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സോഷ്യൽ മീഡിയയിൽ താരം കുറിച്ചു.