സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതന്ന് കരുതരുതെന്ന് ഗോകുല്‍ സുരേഷ്. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് തടഞ്ഞതിന്റ പേരില്‍ തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടെന്നാണ് ഗോകുല്‍ പറയുന്നത്.
നിവിന്‍ പോളിക്കെതിരായ പീഡന ആരോപണം വ്യാജമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഗോകുലിന്റെ മറുപടി. ‘ഇത്തരം കാര്യങ്ങളൊക്കെ നൂറ് വർഷം മുന്നേ നടക്കുന്ന സംഭവമായിരിക്കാം. എന്നാൽ ഇവിടെ ഒരു ജെൻഡറിനു മാത്രമാണ് ഇതു ബാധിക്കപ്പെടുന്നതെന്നും പറയാൻ കഴിയില്ല. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്ടപ്പെടാം. അതിന് സമാനമായ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട്. എന്റെ തുടക്കകാലത്താണത്. അതൊന്നും ഇവിടെ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും ഗോകുല്‍ പറയുന്നു.
അതേസമയം കാസ്റ്റിങ് കൗച്ചിനു പ്രേരിപ്പിച്ച ആളെ ഞാൻ തന്നെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇങ്ങനത്തെ ദുഷ്പ്രവണത നടക്കുമ്പോൾ നടിമാർ മാത്രമല്ല നടന്മാര്‍ക്കും പ്രശ്നങ്ങള്‍ സംഭവിക്കുന്നുണ്ട്.
അതുകൊണ്ട് ഇതിനൊക്കെ രണ്ട് തലങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇതൊക്കെ സാധാരണ ആളുകള്‍ക്ക് എത്രത്തോളം മനസ്സിലാകും എന്നറിയില്ലെന്നും ഗോകുല്‍ സുരേഷ് പറയുന്നു.
നിവിന്‍ ചേട്ടന്റെ കാര്യത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം നിരപരാധിയാണെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ഗോകുല്‍ പറയുന്നു. കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. പൊലീസും കോടതിയുമാണ് നമുക്ക് വ്യക്തത തരേണ്ടതെന്നും ഗോകുല്‍ വ്യക്തമാക്കുന്നു.
മലയാളത്തിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രീസിലും പത്തോ നൂറോ മടങ്ങ് ഇരട്ടിയാണ് നടക്കുന്നത്. മറ്റേത് മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. എന്താ മനുഷ്യർ ഇങ്ങനെയെന്ന് നമ്മൾ ആലോചിക്കാറില്ലേ? കഴിവതും നല്ല രീതിയിൽ ജീവിക്കാൻ നോക്കിയാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഇത്തരം ആരോപണങ്ങൾ ഇനിയും വരും.
അമ്മ സംഘടനയില്‍ ഈ അടുത്ത കാലത്താണ് അംഗത്വം നേടിയതെന്നും ലാൽ സാറിന്റെയോ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയോ പ്രവര്‍ത്തനത്തെ വിലയിരുത്താനായിട്ടില്ലെന്നും ഗോകുല്‍ പറയുന്നു. അവർ നേതൃത്വം വഹിക്കുന്ന ഒരു സംഘടനയിലെ ആളുകൾക്ക് ഇങ്ങനെയൊരു മോശം അനുഭവം വന്നുവെന്ന് സ്വയമേ അറിഞ്ഞപ്പോൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറിയതാണ്.
അതിനെ നല്ല രീതിയില്‍ കാണാം. ലാൽ സർ ആയാലും മമ്മൂട്ടി സർ ആയാലും സിദ്ദിഖ് സർ ആയാലും അവരൊക്കെയാണ് ഞാനൊക്കെ നിന്ന് അഭിനയിക്കുന്ന ഈ ഇൻഡസ്ട്രി ഇത്രയുമാക്കിയത്. ആ ആദരവ് മാറ്റി നിർത്തി സംസാരിക്കാൻ സാധിക്കില്ലെന്നും ഗോകുല്‍ അഭിപ്രായപ്പെടുന്നു.