Thursday, 10 October - 2024

അയോധ്യ പള്ളി ഇപ്പോഴും കടലാസിൽ തന്നെ; 5 വർഷത്തിനുള്ളിൽ സമാഹരിച്ചത് വെറും 90 ലക്ഷം

ലഖ്നൗ: ബാബരി മസ്ജിദ് തകർത്തയിടത്ത് പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞെങ്കിലും അയോധ്യയിലെ പള്ളിക്കായി ഇതുവരെ ഒരു കല്ല് പോലും ഇട്ടിട്ടില്ല. ബിജെപി നേതാവായ ഹാജി അർഫാത് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് വികസന സമിതി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സമാഹരിച്ചതാകട്ടെ 90 ലക്ഷം രൂപമാത്രം.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നത്. രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ ജനുവരിയിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ബാബരി മസ്ജിദ് നിന്നയിടത്ത് നിന്ന് 25 കി.മീ അകലെയാണ് ഭൂമി അനുവദിച്ചത്. സുന്നി വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഇപ്പോൾ കാട് പിടിച്ചുകിടക്കുകയാണ്. നിർദ്ദിഷ്ട മസ്ജിദിന്റെ ചിത്രമുള്ള ഒരു ബോർഡ് മാത്രമാണിപ്പോഴതിലുള്ളത്.

പള്ളിയുടെ നിർമ്മാണ ചുമതലയുള്ള ട്രസ്റ്റ് 2020 ഡിസംബറിൽ നിർദ്ദിഷ്ട പള്ളിയുടെ ഡിസൈൻ പുറത്തുവിട്ടിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ആ പേപ്പറിലെ വരയിലൊതുങ്ങിയിരിക്കുകയാണ് പള്ളി. പള്ളിനിർമ്മാണവുമായി ബന്ധ​പ്പെട്ട അപേക്ഷകളിൽ സർക്കാർ സംവിധാനങ്ങളുടെ അസാധാരണമായ മെല്ലെപ്പോക്കാണ് പള്ളിനിർമാണത്തിന് തിരിച്ചടിയാകുന്ന പ്രധാനകാരണങ്ങളിലൊന്നെന്ന് ട്രസ്റ്റ് അംഗങ്ങൾ പറയുന്നു. ഫണ്ട് ലഭിക്കുന്നതിൽ വലിയ കുറവുണ്ടെന്ന് ബിജെപിനേതാവായ ഹാജി അർഫത്ത് ഷെയ്ഖ് പറയുന്നു.

മുസ്‍ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും ബാബരിമസ്ജിദിന് പകരം ആ ഭൂമിയിൽ പള്ളി നിർമ്മിക്കുന്നതിൽ വലിയ താൽപര്യമില്ലെന്നതാണ് സംഭാവനകളിലുണ്ടാകുന്ന കുറവ് കാണിക്കുന്നതെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനും ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയുമായ സഫർ ഫാറൂഖി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 90 ലക്ഷം രൂപ ഇതിന്റെ തെളിവാണ്.

Most Popular

error: