തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ വിവാദം ചൂടുപിടിച്ചിരിക്കെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം.
എന്നാല്‍ സ്വകാര്യ സന്ദര്‍ശനമായിരുന്നു നടന്നതെന്നും ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.
എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നാണ് വി ഡി സതീശന്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ദൂതുമായാണ് ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി മുന്‍പും പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്.
ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേന്ദ്രവുമായുണ്ടായിരുന്ന ബന്ധം പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നു. പിണറായി വിജയന് ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി മസ്‌ക്കറ്റ് ഹോട്ടലില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പിണറായി വിജയനും കേന്ദ്രവുമായുള്ള ബന്ധമാണ് തൃശൂര്‍ പൂരം കലക്കലിലേയ്ക്ക് പോയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.