Saturday, 21 September - 2024

കോക്പിറ്റില്‍ നിന്ന് പുറത്തോട്ടിരുന്ന് വിന്‍ഡോ വൃത്തിയാക്കി പൈലറ്റ്

ടേക്ക് ഓഫിനു മുന്‍പ് വിമാനത്തിന്‍റെ വിന്‍ഡ് സ്ക്രീന്‍ വൃത്തിയാക്കുന്ന പൈലറ്റിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍‌ വൈറല്‍. പാകിസ്ഥാന്‍ എയര്‍ലൈന്‍ ആയിട്ടുള്ള സെറീന്‍ എയറിന്‍റെ പൈലറ്റാണ് വിമാനത്തിനുള്ളില്‍ നിന്നും വിന്‍ഡോ തുറന്ന് പുറത്തോട്ടിരുന്ന് ഗ്ലാസുകള്‍ വൃത്തിയാക്കുന്നത്. വിഡിയോക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

വിമാനത്തിനുള്ളില്‍ നിന്നും വിന്‍ഡോ തുറന്ന് അതിലൂടെ തലയിട്ട് ശരീരത്തിന്‍റെ പകുതി ഭാഗം പുറത്തോട്ടിട്ട് വിന്‍ഡ് സ്ക്രീന്‍ വൃത്തിയാക്കുന്ന പൈലറ്റ് തിരിച്ച് കോക്പിറ്റിലേക്ക് മടങ്ങുന്നതുവരെയുള്ള ദൃശ്യങ്ങള്‍ വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. സെറീന്‍ എയറിന്‍റെ പാകിസ്ഥാനും ജിദ്ദയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന എയര്‍ ബസ് എ330-200 വിമാനത്തിന്‍റേതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനത്തില്‍ കയറാനായി കാത്തുനിന്നിരുന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വിഡിയോക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാനം തന്‍റെ ജോലി കൃത്യമായി ചെയ്യുന്ന ഒരു പൈലറ്റിനെ കണ്ടെത്തി എന്നാണ് ഒരാള്‍ കുറിച്ചത്. വിൻഡ്‌ഷീൽഡ് വൃത്തിയാക്കുന്നത് പ്രാഥമിക ജോലിയാണ്, വിമാനം പറത്തുക എന്നത് ചെറിയ ജോലിയാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. പാകിസ്ഥാൻ ലോകത്തിന് വഴി കാണിക്കുന്നു മറ്റൊരാളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം വിൻഡ്‌ഷീൽഡുകൾ വൃത്തിയാക്കുന്നതിലൂടെ പൈലറ്റ് അധിക പണം സമ്പാദിക്കുന്നുവെന്ന തരത്തിലുള്ള പരിഹാസവും കുറവല്ല.

Most Popular

error: