ഇന്‍ഡിഗോ വിമാനത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയ തമിഴ് പൈലറ്റിനോട് ഹിന്ദിയില്‍ പറയാന്‍ ആവശ്യപ്പെട്ട് യാത്രക്കാരന്‍. ഒരു മടിയും കൂടാതെ ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് നടത്തിയ തമിഴ് പൈലറ്റ് പ്രദീപ് കൃഷ്ണന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഹിന്ദിയില്‍ സംസാരിക്കുക എന്നത് വെല്ലുവിളി ആയിരുന്നിട്ടും യാത്രക്കാരന്റെ അഭ്യര്‍ത്ഥന മാനിച്ച് ശ്രമം നടത്തിയ പൈലറ്റിന്റെ വിഡിയോ മില്യണ്‍ വ്യൂസ് നേടി മുന്നേറുകയാണ്.
സാധാരണ അനൗണ്‍സ്മെന്റില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യന്‍ ശൈലിയിലാണ് പ്രദീപ് സംസാരിക്കുന്നത്. ‘ഞാന്‍ പ്രദീപ് കൃഷ്ണന്‍, ഫസ്റ്റ് ഓഫീസര്‍ ബാല, ലീഡര്‍ പ്രിയങ്ക, ഇന്ന് ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പറക്കുന്നു, 1500 കിലോമീറ്ററാണ് ദൂരം. ഈ യാത്രക്കായി ഒരു മണിക്കൂറും മുപ്പത് മിനിറ്റുമെടുക്കും, യാത്ര ചെയ്യുമ്പോള്‍ കുലുക്കം അനുഭവപ്പെടാതിരിക്കാനായി എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം ’ എന്നാണ് പ്രദീപ് നടത്തിയ അനൗണ്‍സ്മെന്റ്.
അനൗണ്‍സ്മെന്റിനിടെ പ്രദീപ് ചിരിക്കുന്നതും അത് ആസ്വദിച്ചു തന്നെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രദീപ് തന്നെ ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഒരു നല്ല യാത്രക്കാരന്‍ എന്നോട് ഒരു ആവശ്യമുന്നയിച്ചു, ഇന്ത വച്ച്കോ, ഞാന്‍ സത്യസന്ധമായി തന്നെ അതിനായി ശ്രമിച്ചു, എന്നാണ് വിഡിയോക്ക് നല്‍കിയ കാപ്ഷന്‍.
പൈലറ്റിന്റെ ആ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. പൈലറ്റ് ഹിന്ദി പറഞ്ഞപ്പോള്‍ ആ യാത്രക്കാരന്റെ ഭാവം കൂടി ആരെങ്കിലും വിഡിയോ പകര്‍ത്തിയിരുന്നെങ്കില്‍ മികച്ചതായേനെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഹിന്ദിയോട് മുഖം തിരിക്കുന്ന നാട്ടില്‍ നിന്നുള്ള വ്യക്തിയാണ് പ്രദീപ് എന്നുള്ളതും ശ്രദ്ധേയമാണ്. ഹിന്ദിയുടെ ഔദ്യോഗിക ഭാഷാ പദവി സംബന്ധിച്ച് നിരവധി ജനകീയ പ്രതിഷേധങ്ങളും കലാപങ്ങളും നടന്ന തമിഴ്നാട് സ്വദേശിയാണ് പ്രദീപ് കൃഷ്ണന്‍.