Tuesday, 10 September - 2024

13 ദിവസം, 121 പോക്സോ കേസ്; അതിജീവിതകളിൽ ഗർഭിണികളും

മുംബൈ: നഗരത്തിൽ 13 ദിവസത്തിനുള്ളിൽ 121 പോക്സോ കേസുകളാണ് റജിസ്റ്റർ ചെയ്തത്. സമീപകാലത്തു കണ്ട ഏറ്റവും വലിയ കണക്കാണിത്. ബദ്‌ലാപുരിൽ 2 നഴ്സറി വിദ്യാർഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഓഗസ്റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ട്രെയിൻ ഉൾപ്പെടെ തടഞ്ഞ് പ്രതിഷേധിച്ചത് വലിയ ചർച്ചയായി. സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാരെ പിന്നീടു സസ്പെൻഡ് ചെയ്തു. പിന്നാലെ പോക്സോ കേസുകളിൽ നടപടികൾ കർശനമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നിട്ടും കുട്ടികൾക്കു നേരെയുള്ള ആക്രമണം വർധിക്കുകയാണ്.

നേരത്തെ ഒരു മാസം ശരാശരി 100 പോക്സോ കേസുകൾ വരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത് ആദ്യമാണ്. ജനുവരിയിൽ 93, ഫെബ്രുവരിയിൽ 83, ഏപ്രിൽ 100 എന്നിങ്ങനെയായിരുന്നു കേസുകൾ.

പോക്സോ കേസിലെ അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മുംബൈ, താനെ, നവിമുംബൈ, മീരാഭായന്ദർ മേഖലകളിൽ നിന്നാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

Most Popular

error: