Tuesday, 10 September - 2024

മലപ്പുറത്ത് വീടിന് തീപ്പിടിച്ച് പൊള്ളലേറ്റ് മൂന്നു പേർ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേർ മരിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റിരുന്നു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, ഭാര്യ സരസ്വതി, മകൾ റീന എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നാണ് സംശയം. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ തൃശൂരിലും വൻ തീപിടിത്തമുണ്ടായിരുന്നു. തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. ഇന്നുപുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്രുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫർണിച്ചർ കട പൂ‌ർണമായി കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

അപകടസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ തീ പടർന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Most Popular

error: