Tuesday, 10 September - 2024

ലഹരി നല്‍കി മയക്കി; ഭാര്യയെ കാഴ്ചവച്ചത് 72 പേര്‍ക്കു മുന്നില്‍

ലഹരി നല്‍കി മയക്കിയശേഷം എഴുപത്തിരണ്ടോളം അപരിചിതര്‍ക്കു മുന്നില്‍ ഭാര്യയെ പീഡിപ്പിക്കാനായി കാഴ്ചവച്ച ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. 92 തവണ പീഡനം നടന്നുവെന്നാണ് വിവരം. കൃത്യത്തിലേര്‍പ്പെട്ട 51പേരെ പൊലീസ് കണ്ടെത്തി. ലഹരി നല്‍കിയുള്ള പീഡനമായതിനാല്‍ കാലങ്ങളോളം താന്‍ അനുഭവിക്കുന്നതെന്താണെന്ന വിവരം ഭാര്യ അറിഞ്ഞിരുന്നില്ല. 

ഫ്രാന്‍സിലെ അവിഗ്‌നോണിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഓണ്‍ലൈന്‍ മുഖാന്തിരമാണ് ഭര്‍ത്താവ് ഭാര്യയെ ‘വില്‍പ്പനയ്ക്ക്’ വച്ചത്. വര്‍ഷങ്ങളോളം ഇയാള്‍ ഇത് തുടര്‍ന്നു.  72 വയസ്സുകാരിയായ ഇരയെ 26 മുതല്‍ 74 വയസ്സു വരെ പ്രായമുള്ള പുരുഷന്മാരാണ് പീഡിപ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ ഇ.ഡി.എഫില്‍ നിന്ന് വിരമിച്ചയാളാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് 71 വയസ്സുണ്ട്.

പത്തു വര്‍ഷക്കാലം പീഡനം നടന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ത്രീകളുടെ സ്വകാര്യചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുന്നതിനിടെ 2020 സെപ്റ്റംബറില്‍ ഒരു കടയില്‍ നിന്ന് ഇവരുടെ ഭര്‍ത്താവ് ഡോമിനിക്കിനെ സെക്യൂരിട്ടി പിടികൂടി. ഇത് കേസിലേക്ക് നീങ്ങി. ഈ ഘട്ടത്തിലാണ് അതിക്രൂര പീഡനവിവരം പുറത്തറിയുന്നത്. 

ഡോമിനിക്കിന്‍റെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോള്‍, ബോധരഹിതയായി വളഞ്ഞുകൂടി വസ്ത്രം പോലുമില്ലാതെ കിടക്കുന്ന ഭാര്യയുടെ നൂറുകണക്കിന് ചിത്രങ്ങളും വിഡിയോകളും ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത് നടുക്കുന്ന വിവരങ്ങളാണ്.

ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ഡോമിനിക് അപരിചിതരായ പുരുഷന്മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. 2011ല്‍ ഇവര്‍ പാരിസിനു സമീപം താമസിച്ചിരുന്നപ്പോള്‍ തുടങ്ങിയ പീഡനമാണ്. അത് അവിഗ്‌നോണിലെ മാസാനിലേക്ക് താമസം മാറ്റിയപ്പോഴും തുടര്‍ന്നു. ഭാര്യയെ പീഡിപ്പിക്കുന്നതിന് ഡോമിനിക് പരപുരുഷന്മാര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തു. പീഡന സമയത്ത് ഡോമിനിക്കും മുറിയിലുണ്ടാകും, വിഡിയോ ചിത്രീകരിക്കും. 

ഇവിടെ എത്തിയവരില്‍ ഉന്നതരായ പലരുമുണ്ടെന്നാണ് വിവരം. വിവാഹിതരായവരും അല്ലാത്തവരും മുതല്‍ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയവരും കുടുംബമായി ജീവിക്കുന്നവരുമടക്കം പീഡനം നടത്തി. കൂടുതല്‍ പേരും ഒരിക്കല്‍ മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്. ചിലര്‍ ആറു തവണ വരെ വന്നിട്ടുണ്ട്.

ദമ്പതികളെ സഹായിക്കാനാണ് ഇവിടെ എത്തിയതെന്നാണ് പലരും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഭാര്യയെ ലഹരി നല്‍കി മയക്കി കിടത്തിയിരിക്കുകയാണെന്ന് അറിഞ്ഞു തന്നെയാണ് ഇവര്‍ പീഡിപ്പിച്ചതെന്ന് ഡോമിനിക് മൊഴി നല്‍കി. ആരില്‍ നിന്നും പണം ഇയാള്‍ നേരിട്ട് കൈപ്പറ്റിയിരുന്നില്ല.

ഒന്‍പതു വയസ്സുള്ളപ്പോള്‍ ഒരു മെയില്‍ നഴ്സ് തന്നെ പീഡിപ്പിച്ചു അതാണ് ഇതിനെല്ലാം കാരണമെന്ന് ഡോമിനിക് പഴിക്കുകയുണ്ടായി. എന്നാല്‍ മാനസികമായി ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്ത്രീ ശരീരത്തിന്മേര്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന എന്നത് ഇയാളില്‍ ഒരു ലഹരി കണക്കെ പടര്‍ന്നിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

എല്ലാ വിവരങ്ങളും പുറത്തറിഞ്ഞിട്ടും ഭാര്യയെയും മക്കളെയും കാണാന്‍ ഇയാള്‍ മടി കാണിച്ചില്ല. ‘ചെയ്ത തെറ്റിനെയോര്‍ത്ത് അയാള്‍ക്ക് നാണക്കേടുണ്ട്. ക്ഷമിക്കാവുന്നതല്ല ആ തെറ്റ്. ഒരുതരം അടിമത്വമാണ് ഈ വിഷയത്തില്‍ അയാള്‍ക്കുള്ളത്’ എന്ന് ഭാര്യ പിന്നീട് പ്രതികരിച്ചു. 1991ല്‍ നടന്ന പീഡന കൊലപാതകത്തിലും 1999ലെ പീഡനക്കേസിലും ഡോമിനിക്കിന് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇതും അന്വേഷണപരിധിയിലുണ്ട്.

ഇരയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേസിലെ വാദം കേള്‍ക്കല്‍ പരസ്യമായി നടത്തും. ‘ഇങ്ങനെയൊന്ന് ഇനി നടക്കരുത്, അതുകൊണ്ട് കേസിലെ എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമായി നടക്കട്ടെ’ എന്നാണ് 72കാരിയുടെ നിലപാട്. ഇത് കോടതി അംഗീകരിച്ചു. 2020ലാണ് തന്‍റെ ഭര്‍ത്താവിന്‍റെ ക്രൂരത 72കാരി മനസ്സിലാക്കിയത്. സംഭവിച്ചതെല്ലാം കൃത്യമായി ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്ന അവസ്ഥയിലല്ല അവര്‍.

മൂന്നു മക്കളും ഇവരെ പിന്തുണച്ചതോടെയാണ് കേസുമായി മുന്നോട്ടു പോകാനും വിചാരണ പരസ്യമായി തന്നെ വേണമെന്ന നിലപാടെടുക്കാനും ഇവരെ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഡിസംബര്‍ ഇരുപതിന് കേസില്‍ അന്തിമ വിധി കേള്‍ക്കും.

Most Popular

error: