Saturday, 21 September - 2024

രാഹുൽ ​ഗാന്ധിയുടെ യുഎസ് സന്ദർശനം എട്ടിന്; വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യുഎസ് സന്ദർശനത്തിനൊരുങ്ങി രാഹുൽ ​ഗാന്ധി. സെപ്റ്റംബർ 8 മുതൽ 10 വരെയായിരിക്കും സന്ദർശനം. സെപ്റ്റംബർ എട്ടിന് ടെക്‌സസിലെ ഡാളസിലും സെപ്റ്റംബർ 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ ഗാന്ധി എത്തും‌. സന്ദർശന വേളയിൽ അക്കാദമിക് വിദഗ്ധർ, മാധ്യമ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധിയുമായി സംവദിക്കണമെന്ന് ആവശ്യം ഉയരുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് ചെയർമാൻ സാം പിത്രോഡ പറഞ്ഞു.

അതേസമയം ജമ്മു കശ്‌മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഹുൽ ​ഗാന്ധി സന്ദർശന കാലാവധി ചുരുക്കിയിരുന്നു. സെപ്റ്റംബറിൽ ഏകദേശം 10-12 ദിവസത്തേക്കായിരുന്നു രാഹുലിൻറെ യുഎസ്‌ സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നത്.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ സന്ദർശനമാണിത്. അതേസമയം സെപ്റ്റംബർ രണ്ടാം വാരത്തിൽ പ്രിയങ്ക ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. ഏഴോളം റോഡ് ഷോകളിലും പതിനഞ്ചോളം തെരഞ്ഞെടുപ്പ് റാലികളിലും പ്രിയങ്ക പങ്കെടുക്കും.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരിൽ കോൺ​ഗ്രസ് നാഷണൽ കോൺഫറൻസുമായി കൈകോർത്തിട്ടുണ്ട്. സീറ്റ് വിഭജനം പൂർത്തിയായതോടെ നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളിലും ഇരുപാർട്ടികളും സൗഹൃദ മത്സരമായിരിക്കും നടക്കുക. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികൾ.

24 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ‌ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 87.09 ലക്ഷം വോട്ടർമാർ ജമ്മുവിലുണ്ട്.

Most Popular

error: