Tuesday, 10 September - 2024

വിസ്താര ലയ​നം; ആകാശത്ത് വമ്പൻമാരോട് മത്സരത്തിനൊരുങ്ങി എയർ ഇന്ത്യ

മുംബൈ: ആകാശയാത്രയിൽ വമ്പൻമാരോട് മത്സരിക്കാനിറങ്ങുകയാണ് വിസ്താരയുമായുള്ള ലയ​നത്തോടെ എയർ ഇന്ത്യ. സർവീസ് അവസാനിപ്പിച്ച് വിസ്താര പറന്നിറങ്ങുമ്പോൾ പുതിയ ആകാശപാതകളാണ് എയർ ഇന്ത്യക്ക് മുന്നിൽ തുറന്ന് കിട്ടുന്നത്.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ഒാടെ സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും.

നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു. ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര.

ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.

ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേ​​ന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ ഇന്ത്യയുടെ കൈകളിലായിരിക്കും.

ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് വിസ്താരയും എയർ ഇന്ത്യയും തമ്മിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. 2022 ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നായിരുന്നു റിപ്പോർട്ട്. വിവിധ കാരണങ്ങളാൽ അത് രണ്ട് വർഷ​ത്തോളം നീളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Most Popular

error: