Saturday, 21 September - 2024

‘അമ്മയ്ക്കൊപ്പം പോകണ്ട’; തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ചു കരഞ്ഞ് രണ്ടുവയസുകാരന്‍

ജയ്‍പൂര്‍: തട്ടിക്കൊണ്ടുപോകുന്ന ആളുമായി അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും സിനിമകളിലൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. അത് സിനിമയല്ലേ…യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും പറയാറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ജയ്‍പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത തെളിയിക്കുന്നത്. തട്ടിക്കൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരന്‍ ഒടുവില്‍ അമ്മയുടെ അടുത്തേക്ക് തിരികെ പോകാന്‍ മടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജയ്പൂരിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നാണ് 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. യുപി പൊലീസിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ തനൂജ് ചാഹറാണ് കുട്ടിയെ തട്ടിയെടുത്തത്. നേരത്തെ യുപി പൊലീസിൻ്റെ പ്രത്യേക സംഘത്തിലും നിരീക്ഷണ സംഘത്തിലും തനൂജ് ഉണ്ടായിരുന്നു. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി വൃന്ദാവനത്തിലെ പരിക്രമ പാതയിൽ യമുനാ നദിക്ക് സമീപം ഖാദർ പ്രദേശത്ത് സന്യാസിയായിട്ടാണ് ചാഹര്‍ താമസിച്ചിരുന്നത്.

പൊലീസ് നടപടികളെക്കുറിച്ച് പരിചയമുള്ളതിനാൽ ഒളിവിൽ കഴിയുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. ആരുമായും പരിയം സ്ഥാപിക്കാതിരിക്കാനും ചാഹര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്വേഷണത്തിനിടയില്‍ പ്രതിയുടെ തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 മാസത്തോളം കുട്ടിയെ തടവിലാക്കിയിട്ടും തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു. ഈ കാലയളവിനിടയില്‍ ചാഹറും കുഞ്ഞുമായി വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തിരുന്നതായി പൊലീസ് പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലുടനീളം നടത്തിയ അന്വേഷണത്തിനും പരിശോധനകള്‍ക്കുമൊടുവില്‍ ആഗസ്ത് 27നാണ് പ്രതിയെ പിടികൂടിയത്. 27ന് തനൂജ് അലിഗഡിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ പ്രതി കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയും എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു.

പരാതിക്കാരിയായ പൂനം ചൗധരിയേയും തട്ടിക്കൊണ്ടുപോയ കുട്ടിയായ കുക്കു എന്നറിയപ്പെടുന്ന പൃഥ്വിയേയും തനൂജ് തനിക്കൊപ്പം താമസിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരായ അഡീഷണൽ ഡിസിപി (സിക്കാവു) പൂനം ചന്ദ് വിഷ്‌ണോയി, അഡീഷണൽ ഡിസിപി (സൗത്ത്) പരസ് ജെയിൻ എന്നിവർ വെളിപ്പെടുത്തി. എന്നാൽ, പൂനം അദ്ദേഹത്തോടൊപ്പം പോകാൻ തയ്യാറായില്ല. തുടര്‍ന്ന് തനൂജും കൂട്ടാളികളും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ അനുസരിക്കാത്ത പൂനത്തെ തനൂജ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസിൻ്റെ കൂടുതൽ വിശദാംശങ്ങളെക്കുറിച്ചറിയാന്‍ തനൂജിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കുട്ടി പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്നതും അതുകണ്ട് തനൂജ് വികാരനിര്‍ഭരനാകുന്നതും വീഡിയോയില്‍ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. തട്ടിക്കൊണ്ടുപോയിട്ടും പ്രതിയുമായുള്ള കുട്ടിയുടെ അടുപ്പം അന്വേഷണ ഉദ്യോഗസ്ഥരെ ധര്‍മസങ്കടത്തിലാക്കിയിരിക്കുകയാണ്.

Most Popular

error: