ബലാത്സം​ഗക്കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കും; മമത

0
671

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതിഷേധം തുടരവെ ഇത്തരം കേസുകളിൽ പ്രതികൾക്ക് ഏറ്റവും കർക്കശമായ ശിക്ഷ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. പാർട്ടിയുടെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛത്ര പരിഷ (ടി.എം.സി.പി)യുടെ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്നും മമത വ്യക്തമാക്കി. “ഞങ്ങൾ ബലാത്സംഗ വിരുദ്ധ നിയമങ്ങളുമായി ബന്ധപ്പെട്ട ബിൽ പാസാക്കും. കുറ്റകൃത്യം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതായിരിക്കും അത്. ബില്ലിൽ ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ​രാജ്ഭവന് മുന്നിൽ കുത്തിയിരിക്കും- മമത അറിയിച്ചു.

കൊൽക്കത്ത ബലാത്സംഗ കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ധർണയ്ക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, ബലാത്സം​ഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും നിയമത്തിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബർ ഒന്നിന് പ്രതിഷേധിക്കാൻ എല്ലാ സ്ത്രീകളോടും അഭ്യർഥിക്കുന്നതായും പറഞ്ഞു.

സംഭവത്തിൽ ബം​ഗാളിൽ ബന്ദ് നടത്തുന്ന ബി.ജെ.പിക്കെതിരെയും മമത രം​ഗത്തെത്തി. ബി.ജെ.പിയുടെ ലക്ഷ്യം നീതിയല്ലെന്നും ബം​ഗാളിനെ അപകീർത്തിപ്പെടുത്തലാണെന്നും അവർ ചൂണ്ടിക്കാട്ടി. ബംഗാൾ ബന്ദ് നടത്തുന്ന ബി.ജെ.പി നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അവരുടെ പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയാണെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.