Saturday, 21 September - 2024

കരിയറിലെ 899-ാം ഗോളടിച്ച് റൊണാള്‍ഡോ; അല്‍ നസറിന് സീസണിലെ ആദ്യ വിജയം

കരിയറിലെ 899-ാം ഗോളടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഫെയ്ഹയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. മത്സരത്തില്‍ അല്‍ നസര്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു.

സൗദി പ്രോ ലീഗ് 2024-25 സീസണില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. മത്സരത്തില്‍ ടാലിസ്‌ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ അല്‍ നസറിന് സാധിച്ചു. റൊണാള്‍ഡോയുടെ കിടിലന്‍ അസിസ്റ്റില്‍ നിന്ന് ടലിസ്‌കയാണ് അല്‍ നസറിന്റെ ആദ്യഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് റൊണാള്‍ഡോ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കില്‍ നിന്നുമാത്രം റൊണാള്‍ഡോ നേടുന്ന 64-ാം ഗോളാണിത്.

രണ്ടാം പകുതിയില്‍ മാര്‍സെലോ ബ്രോസോവിച്ചും അല്‍ നസറിന് വേണ്ടി ലക്ഷ്യം കണ്ടു. 85-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍. തൊട്ടടുത്ത നിമിഷം ഫാഷന്‍ സകലയിലൂടെ അല്‍ ഫെയ്ഹ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ടലിസ്‌ക ഗോള്‍ നേടിയതോടെ അല്‍ നസര്‍ വിജയം പൂര്‍ത്തിയാക്കി.

Most Popular

error: