കൊച്ചി: ‘അമ്മ’ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ കൂട്ടരാജിയുണ്ടായിട്ടില്ലെന്ന വെളിപെടുത്തലുമായി അംഗം സരയൂ മോഹന്‍. താനുള്‍പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നാലുപേര്‍ രാജിവെക്കാന്‍ തയ്യറായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമല്ലെന്നും സരയൂ മോഹന്‍ വ്യക്തമാക്കുന്നു.
രാജിവെക്കാന്‍ തയാറല്ലെന്ന നിലപാടാണ് യോഗത്തിലും പറഞ്ഞതെന്നും സരയൂ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം രാജിവെച്ചത് 12 പേരാണ്. നാലുപേര്‍ രാജിവെച്ചിട്ടില്ല. സരയൂ മോഹന്‍, അനന്യ, ടൊവീനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് രാജിവെക്കാതിരുന്നതെന്നാണ് വിവരം.
സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ടെന്ന് സരയൂ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിടണമെന്ന തീരുമാനം താന്‍ എടുത്തിട്ടില്ല. എന്നാല്‍, ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോള്‍ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ, രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമല്ല സരയൂ മോഹന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെയാണ് താര സംഘടനയായ ‘അമ്മ’യില്‍ ഇന്നലെ കൂട്ടരാജിയുണ്ടായത്. സംഘടനയുടെ ഭരണസമിതിയെ പിരിച്ചുവിട്ടുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടന്‍ മോഹന്‍ലാല്‍ ആദ്യം രാജിവെച്ചു. പിന്നാലെ 17 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംഘടനയില്‍നിന്ന് രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായും അറിയിപ്പുണ്ടാവുകയായിരുന്നു.