കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴ. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. ആറ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. നാല് ആഴ്ച മുന്‍പ് ഉരുള്‍പൊട്ടിയ പ്രദേശമാണ് വിലങ്ങാട്.
ദിവസങ്ങൾക്ക് മുമ്പ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉൾപ്പെടെ തകര്‍ന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടയാണ്. 162 ഹെക്ടറില്‍ അധികം കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് കണക്ക്. 24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലുമുണ്ടായി എന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെട്ടത്. വിലങ്ങാട്ട് സമഗ്ര പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.
വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല.
വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണമെന്നും സതീശന്‍ പറഞ്ഞു. വളരെ അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംസ്ഥാനത്തെ വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തത്തെ അതിജീവിക്കാന്‍ പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായ സഹകരണവും ഉണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.