കോന്നിയില്‍ സാജോയുടേയും നീനുവിന്‍റേയും വിവാഹത്തിന് എത്തിയവര്‍ ആദ്യമൊന്നു അമ്പരന്നു. ചാനല്‍ ചര്‍ച്ചകളിലേയും സമരവേദികളിലേയും താരമായ യുവനേതാവ് വിളമ്പുകാരനായി. തൊട്ടു പിന്നാലെ അറിയിപ്പു വന്നു. വയനാടിന് വേണ്ടി യൂത്ത് കോണ്‍ഗ്രസാണ് വിളമ്പുജോലി ഏറ്റെടുത്തത്. അങ്ങനെയാണ് കല്യാണ സദ്യയില്‍ വിളമ്പുകാരനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടമെത്തിയത്.
വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ പണസമാഹരണത്തിനാണ് വിളമ്പല്‍ ജോലി ഏറ്റെടുത്തത്. മുപ്പത് വീടുകള്‍, വീടുകളുടെ നവീകരണം, മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം തുടങ്ങി വലിയ ചെലവുള്ള പദ്ധതികളാണ് ഏറ്റെടുത്തത് എന്ന് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ അസംബ്ലി കമ്മിറ്റിയാണ് കോന്നിയിലെ കാറ്ററിങ് ജോലി ഏറ്റെടുത്തത്. വയനാടിന് വേണ്ടി എല്ലാ യുവജന സംഘടനകളും ചെയ്യുന്ന കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് വഴികാട്ടുമെന്നും രാഹുല്‍ പറഞ്ഞു.
വിളമ്പ് കഴിഞ്ഞ് നവ ദമ്പതികള്‍ക്ക് ഉപഹാരവും നല്‍കിയായിരുന്നു മടക്കം. വിളമ്പ് മാത്രമല്ല വിവിധ അംസംബ്ലിക്കമ്മിറ്റികള്‍ പലതരത്തിലുള്ള ജോലികള്‍ ചെയ്താണ് വയനാടിന് താങ്ങാവാനുള്ള വരുമാനം കണ്ടെത്തുന്നത്.