കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആരോപണങ്ങൾ കൊണ്ട് ഒരാളെ ക്രൂശിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ അത് തെളിയുന്നതുവരെ അതിനെ പിന്തുണയ്ക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.
എന്നാൽ തെറ്റ് ചെയ്തു എന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം. ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്. വെറുതെ ആരെയും ക്രൂശിക്കരുതെന്നും തനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചുവരാൻ രണ്ടര വർഷം എടുത്തുവെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് നേരെയുയർന്ന വാതുവെപ്പ് ആരോപണത്തെ പരാമർശിച്ചാണ് ശ്രീശാന്തിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടൻ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാബു രാജ്, സിദ്ദിഖ് തുടങ്ങി നിരവധി പേർക്കെതിരെയാണ് ആരോപണം ഉയരുന്നത്.
മുകേഷ് അടക്കമുള്ള കൂടുതൽ പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ ആണ് രംഗത്തെത്തിയിരിക്കുന്നത്. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർ നോബിൾ, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ശാരീരിക മാനസ്സിക പ്രശ്നങ്ങൾ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയിൽ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും മിനു മുനീർ പറഞ്ഞു.
006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവികയുടെ വെളിപ്പെടുത്തൽ. സംവിധായകൻ തുളസീദാസ് രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും ശ്രീദേവിക പറഞ്ഞു.