കൊച്ചി: മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയില്‍ പറയുന്നു. സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ടെസ് താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് അന്ന് തുറന്നുപറഞ്ഞിരുന്നത്.
കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്ന് ടെസ് പറഞ്ഞു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു. പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.
അതേ സമയം ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ആരോപണങ്ങളെ തുടർന്ന് ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സിനിമാ സംഘടനയായ എഎംഎംഎ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖും രാജി വെച്ചിരുന്നു. സിപിഐഎമ്മിന്റെ കൊല്ലം എംഎൽഎ കൂടിയായ മുകേഷിനെതിരെ കോൺഗ്രസ് അടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്.