തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറയുന്നു. അൽപസമയത്തിന് മുൻപ് എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.
ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു.
വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.
പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല.
അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു.
കഴിഞ്ഞ ദിവസം യുവനടി ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന്‍ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,’ രേവതി പറഞ്ഞു.
സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി ആരോപിച്ചു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. 21ാം വയസിലാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ വ്യക്തികൾക്കെതിരായ ആരോപണങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്.