തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത കേസിൽ പ്രതിക്ക് ഒന്നേകാൽ വർഷം കഠിന തടവും 30,000 രൂപ പിഴയും. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി ബിനീഷിനെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ അനിൽകുമാർ ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ മൂന്ന് മാസം അധിക കഠിന തടവും അനുഭവിക്കണം. സഹോദരിയുടെ വസ്തുവിൽ ബിനീഷ് 13 കഞ്ചാവ് ചെടികളാണ് നട്ടുവളർത്തി പരിപാലിച്ചത്. ഈ കേസിലാണ് ശിക്ഷ.
2016 ഒക്ടോബർ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി രാജാ സിംഗ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്‌സ് ഹാജരായി.