മദീനയിൽ വീണ്ടും മഴ; മലവെള്ളപ്പാച്ചിലില്‍ കാറുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

0
1290

മദീന: മദീനയിൽ തുടർച്ചയായ രണ്ടാം ദിവസവും മഴ. വിശുദ്ധ ഹറമിനെ നനയിപ്പിച്ച് പെരുമഴ പെയ്തു. ഇന്നലെയും മദീനയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് മദീനയിൽ മഴ പെയ്തത്. വിശുദ്ധ ഹറമിന്റ പരിസരങ്ങളിലെല്ലാം മഴ പെയ്തു.

കഴിഞ്ഞ ദിവസം മദീനയുടെ ചില മേഖലകളിൽ കനത്ത മഴ പെയ്തിരുന്നു. മദീനയുടെ പടിഞ്ഞാറ് അല്‍മുഫ്‌റഹാത്തില്‍ മലവെള്ളപ്പാച്ചിലില്‍ കാറുകളില്‍ കുടുങ്ങിയവരെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പിക്കപ്പും മറ്റൊരു കാറുമാണ് ഒഴുക്കില്‍ പെട്ടത്.

ഇതിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇത് കണ്ട് പ്രദേശവാസികള്‍ ഓടിയെത്തി ഇരു കാറുകളിലെയും യാത്രക്കാരെ സുരക്ഷിതരായി രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

മദീനയില്‍ മറ്റൊരിടത്ത് മലവെള്ളപ്പാച്ചില്‍ പെട്ട കാറില്‍ കുടുങ്ങിയ രണ്ടു യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതരും രക്ഷിച്ചു. ട്രാഫിക് പോലീസുമായി സഹകരിച്ച് കാര്‍ ഡ്രൈവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.