Tuesday, 10 September - 2024

‘ഭർത്താവിൽനിന്ന് മാസം 6 ലക്ഷം രൂപ ചെലവിന് വേണം’, ഭാര്യ ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് വനിതാ ജഡ്ജി

വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാന്‍ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവ് നരസിംഹയില്‍നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭര്‍ത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, മാസം ആറ് ലക്ഷത്തിലേറെ രൂപ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയായിരുന്നു.

വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാന്‍ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരും. മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉള്‍പ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, ഹര്‍ജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്ന് നിരീക്ഷിച്ചു. ഇത്രയും തുക ചെലവഴിക്കണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതെല്ലാം ഒരാള്‍ക്ക് ആവശ്യമുള്ളതാണെന്ന് കോടതിയോട് പറയരുത്. മാസം 6,16,300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, അവര്‍ക്ക് ഇത്രയും തുക ചെലവഴിക്കേണ്ടതുണ്ടെങ്കില്‍ അവര്‍ സമ്പാദിക്കട്ടെ, അല്ലാതെ ഭര്‍ത്താവില്‍നിന്നല്ല അത് വാങ്ങേണ്ടത്. നിങ്ങള്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തമില്ല. കുട്ടികളെ സംരക്ഷിക്കാനില്ല. ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനാല്‍ ആവശ്യങ്ങളില്‍ ന്യായം വേണമെന്നും കോടതി വിശദീകരിച്ചു. തുടര്‍ന്ന് ന്യായമായ തുക ആവശ്യപ്പെടാന്‍ നിര്‍ദേശിച്ച കോടതി, അല്ലെങ്കില്‍ ഹര്‍ജി തള്ളിക്കളയുമെന്നും മുന്നറിയിപ്പ് നല്‍കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: