ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുമ്പോള്‍ അടുത്തിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു.
ഓരോ മണിക്കൂറിലും രാജ്യത്ത് 51 പീഡനം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നു. 2020ല്‍ 3,71,503 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ ഇത് 4,28,278 ആയി. 2022ല്‍ 4,45,256 ആയി വീണ്ടും ഉയര്‍ന്നു. ഇതില്‍ 248 സംഭവങ്ങള്‍ പീഡിപ്പിച്ച ശേഷം കൊല നടത്തിയതാണ്.
പീഡനക്കേസുകളില്‍ മുമ്പിലുള്ളത് രാജസ്ഥാനാണ്. 5,399 കേസുകള്‍. യു.പിയില്‍ 3690 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ 2022ല്‍ 814 പീഡന കേസുകളാണുണ്ടായത്. ഏറ്റവും കുറവുള്ള ലക്ഷദ്വീപില്‍ നടന്നത് നാല് പീഡനക്കേസുകള്‍ മാത്രം.