മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഹിന്ദുത്വ സന്യാസിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ്.
അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് സൻസ്ഥാൻ തലവൻ മഹന്ത് രാംഗിരി മഹാരാജിനെതിരെയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ, കേസുകളുടെ അഞ്ചായി.
മുംബൈയിലെ ബാന്ദ്ര, നിർമൽ നഗർ പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും പുതിയ എഫ്.ഐ.ആർ. ഞായറാഴ്ച മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും ശനിയാഴ്ച താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമാണ് കേസെടുത്തത്.