പുനെ: ഫാസ്റ്റ്ഫുഡ് പ്രേമികളുടെ ജനപ്രിയ ബ്രാൻഡാണ് യു.എസ് കമ്പനിയായ ബർഗർ കിങ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ബർഗർ കിങിന് ഔട്ട്ലെറ്റുകൾ ഉണ്ട്. എന്നാൽ ആ പേരിനെ ചൊല്ലി ഒരു പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടമാണ് പൂനെയിൽ നടന്നത്. പൂനെയിലെ ബർഗർ കിങ് എന്ന പേരുള്ള ഭക്ഷണശാലയുമായി നടത്തിയ നിയമപോരാട്ടത്തിൽ അമേരിക്കൻ ഫാസ്റ്റ് ഫുഡ് കമ്പനിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
പൂനെയിലുള്ള ഹോട്ടലിനെതിരെ യു.എസ് ആസ്ഥാനമായ ബർഗർ കിങ് കോർപ്പറേഷൻ (ബി.കെ.സി) ട്രേഡ് മാർക്കിനെ ചൊല്ലി 13വർഷം മുമ്പാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്. തങ്ങളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. ബ്രാൻഡ് നെയിം ഉപയോഗിക്കുന്നത് തടയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം.
ലോകത്ത് പ്രശസ്തമാണ് ബർഗർ കിങ് കോർപ്പറേഷനെന്നും അതിനാൽ ബർഗർ കിങ് എന്ന പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തങ്ങളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്നുമായിരുന്നു യു.എസ് കമ്പനിയുടെ അവകാശ വാദം. ആ വാദങ്ങളാണ് പൂനെ ജില്ലാ കോടതി തള്ളിയത്. ഇതിനൊപ്പം ബർഗർ കിങ് കോർപ്പറേഷന്റെ നിയമനടപടികൾ മൂലം തങ്ങൾ നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങൾക്കും മറ്റും നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട പൂനെയിലെ ഭക്ഷണശാലയുടെ ഹരജിയും കോടതി തള്ളി.