കൊച്ചി: പ്രത്യാഘാതങ്ങള്‍ ഭയന്നാണ് പല സ്ത്രീകളും സിനിമാ മേഖലയില്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെടാത്തതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമയിലെ സ്ഥിതി ഇത്ര മോശമായിട്ടും പരാതിപ്പെടാന്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ പൊലീസില്‍ പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തത് എന്നാണ് കമ്മിറ്റിക്ക് മുന്നില്‍ നിരവധി പുരുഷന്മാര്‍ ചോദിച്ചത്.
സിനിമയിലെ സ്ത്രീകളെ സംബന്ധിച്ച് സാഹചര്യം മറ്റൊന്നാണ്. സാധാരണ സ്ത്രീയില്‍ നിന്നും വിഭിന്നമായി ‘പബ്ലിക് ഫിഗര്‍’ ആയതിനാല്‍ തന്നെ സൈബര്‍ ആക്രമണം അടക്കമുള്ള കാര്യങ്ങള്‍ ഭയക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവഭയം കൊണ്ടാണ് പലസ്ത്രീകളും ലൈംഗികാതിക്രമ പരാതിയുമായി കോടതിയെയോ പൊലീസിനെയോ സമീപിക്കാത്തതെന്ന് നിരവധി സ്ത്രീകള്‍ മൊഴി നല്‍കി. ഇരയ്ക്ക് നേരെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ പോലും അപകടത്തിലാവും. പരാതി കൊടുക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിലേക്ക് ഇരയുടെ പേര് വലിച്ചിഴച്ച് മോശമാക്കും എന്ന മൊഴി ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളെ സൈബര്‍ ഇടത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ച് അതിക്രമിച്ചതിന്റെ രേഖകളും കമ്മിറ്റിക്ക് കൈമാറി. അശ്ലീല ചിത്രങ്ങള്‍, ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗത്തിന്റെ അടക്കം ചിത്രങ്ങള്‍, അശ്ലീല കമന്റുകള്‍ എന്നിവ ഉപയോഗിച്ച് സ്ത്രീകളുടെ അഭിമാനത്തെ തകര്‍ക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണം നടന്നു.
ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ഇത്തരം ആക്രമണങ്ങള്‍. തങ്ങളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളെകൂടി മുന്നില്‍ കണ്ടാണ് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് ചിലര്‍ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ ഞങ്ങളെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്നതാണെന്ന് കമ്മിറ്റി പറഞ്ഞു.
പീഡനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസം അതേ പുരുഷനുമായി ദമ്പതികളായി അഭിനയിക്കേണ്ടി വന്നു, കെട്ടിപ്പിടിക്കേണ്ട സീന്‍ ഉണ്ടായിരുന്നു. ഇത് ഭീകരമായ അനുഭവമായിരുന്നു. ചിത്രീകരണത്തിനിടയില്‍ അക്രമിയോടുള്ള വെറുപ്പും ദേഷ്യവും നടിയുടെ മുഖത്തുണ്ടായിരുന്നു. തുടര്‍ന്ന് ഒരു ഷോട്ടിന് പകരം 17 റീടെയ്ക്കുകള്‍ എടുക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ സംവിധായകന്‍ നടിയെ ചീത്ത വിളിച്ചു.
പണം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് സ്ത്രീകള്‍ സിനിമയിലേക്ക് വരുന്നതെന്നും അതിനാല്‍ എല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറാണെന്നുമുള്ള പൊതുബോധമുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശത്താലാണെന്ന് സ്ത്രീകള്‍ വരുന്നതെന്ന് സിനിമയിലെ പുരുഷന്മാര്‍ മനസ്സിലാക്കുന്നേയില്ല.
സിനിമയില്‍ അവസരം ലഭിക്കുന്നതിനായി ഏതൊരു പുരുഷന്റെ കൂടെയും കിടക്കുന്നവളാണെന്നാണ് ആണുങ്ങളുടെ പൊതുധാരണ. സ്ത്രീ അഭിനേതാവ് ഒരു ‘പ്രശ്‌നക്കാരി’യാണെന്ന് തോന്നിയാല്‍ പിന്നീട് അവര്‍ക്ക് സിനിമയില്‍ അവസരം നല്‍കില്ല.
അതിനാല്‍ അഭിനയത്തോട് താല്‍പര്യമുള്ള സ്ത്രീകള്‍ എല്ലാ അക്രമത്തെയും നിശബ്ദമായി സഹിക്കുന്നു. ഇത്തരം സമാനമായ അനുഭവം സിനിമയിലെ മറ്റുസ്ത്രീകളും നേരിടുന്നുണ്ടോയെന്ന ചോദ്യത്തോട് ഉണ്ടാവാം, പരസ്യമായി തുറന്നുപറയാന്‍ ഭയപ്പെടുന്ന സാഹചര്യമാണെന്ന് ഹേമ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞു.
നിരവധി സ്ത്രീകളും പുരുഷന്മാരും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കി. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും അവരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അപമാനിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. വാട്‌സ് ആപ്പിലൂടെ ട്രോളുകള്‍ക്ക് വിധേയരായി.
പരസ്യമായി ലൈംഗിക ചുവയോടെ സംസാരിക്കുന്നു, സ്ത്രീ കലാകാരികളുടെ സോഷ്യല്‍മീഡിയ വാളുകളില്‍ പുരുഷ ലിംഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നു, അവരെ ബലാംത്സംഗം ചെയ്യുമെന്ന് കമന്റ് ചെയ്യുന്നു എന്നത് അക്കമുള്ള അക്രമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന സാഹചര്യമുണ്ടെന്നും മൊഴി ഉദ്ധരിച്ച് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയില്‍ നിന്നുള്ളവരല്ല, മറിച്ച് സൈബര്‍ ആക്രമണം നടത്തുന്നത് പൊതുജനങ്ങളാണ്. സിനിമാ മേഖലയിലെ സ്ത്രീകള്‍ മാത്രമല്ല, മറ്റുസ്ത്രീകളും ഇത്തരം സൈബര്‍ ആക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ഇതൊരു സമൂഹം നേരിടുന്ന ഒരു പൊതുപ്രശ്‌നമാണ്. ഈ കമ്മിറ്റി പഠിച്ചത് സിനിമാ മേഖലയ്ക്കകത്തെ പ്രശ്‌നങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.





