Tuesday, 10 September - 2024

സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന് ആകാശത്ത് തെളിയും

ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാവാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പര്‍മൂൺ ആകാശത്ത് ദൃശ്യമാകും.

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു വരുന്ന സമയത്തെ പൂർണ ചന്ദ്രനാണ് സൂപ്പർമൂൺ. ഈ വർത്തെ ഏറ്റവും വലിപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനിൽ ഒന്നാണ് ഇത്തവണത്തേത്. ഈ സമയത്ത് എട്ട് ശതമാനത്തോളം അധികം വലിപ്പം ചന്ദ്രനുണ്ടാകും. 16 ശതമാനത്തോളം കൂടിയ പ്രകാശവും ചന്ദ്രന് ഉണ്ടാകും.

നാല് പൂർണ ചന്ദ്രാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കൽ മാത്രമാണ്.

ഭൂമിയുമായി അകന്നിരിക്കുന്ന സമയങ്ങളിൽ 4 ലക്ഷം കിലോമീറ്റർ വരെ അകൽച്ചയുണ്ടാകും ഇരുഗ്രഹങ്ങളും തമ്മിൽ. എന്നാൽ സൂപ്പർമൂൺ സമയത്ത് 3.5 ലക്ഷം കിലോമീറ്ററായിരിക്കും അകലം. ഇന്നത്തെ ബ്ലൂമൂൺ ഭൂമിയിൽ നിന്ന് 361,970 കിലോമീറ്റർ അകലെയായിരിക്കും.

നവംബറിലെ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് 361,867 കിലോമീറ്റർ അകലം കാണും. ഇത്തവണ ഏറ്റവും അടുത്തുവരുന്ന ഒക്ടോബറിലെ സൂപ്പർമൂൺ 357,364 കിലോമീറ്റർ അകലെയാണ് പ്രത്യക്ഷമാകുക.

ഈ വർഷത്തെ ആദ്യ സൂപ്പർമൂണാണിത്. ഇനി സെപ്തംബർ 17, ഒക്ടോബർ 17, നവംബർ 15, എന്നീ ദിവസങ്ങളിലും സൂപ്പർമൂൺ പ്രതിഭാസം കാണാനാകും. ഒക്ടോബറിലെ സൂപ്പർമൂൺ ഭൂമിക്ക് ഏറ്റവും അടുത്തായിരിക്കും. ഇക്കാരണത്താൽ വലിപ്പവും കൂടുതലായിരിക്കും. സെപ്തംബറിൽ ബ്ലൂമൂണിനൊപ്പം ഭാഗിക ചന്ദ്രഗ്രഹണവും ഉണ്ടാകും. ഈ ചന്ദ്രഗ്രഹണം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ദൃശ്യമാകുക.

Most Popular

error: