Saturday, 21 September - 2024

‘കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സി.പി.എമ്മിനെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്). രാഷ്ട്രീയ നേട്ടങ്ങൾക്കായി സംഘ്പരിവാർ നടത്തുന്ന സ്ഫോടനങ്ങളും ആക്രമണങ്ങളും മാതൃകയാക്കി കേരളത്തിലെ ചില കമ്യൂണിസ്റ്റ് പാർട്ടികൾ ‘ബൗദ്ധിക സ്ഫോടനങ്ങൾ’ നടത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം:
കളവിന്റെ ‘കാഫിർ’ ഇനി ആവർത്തിക്കരുത്

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആകെ നടത്തിയ 173 പ്രസംഗങ്ങളിൽ 110ഉം ഇസ്‍ലാംഭീതി പരത്തുന്നതായിരുന്നു എന്ന് അന്താരാഷ്ട്ര വേദിയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഒരു ശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിനെതിരെ കള്ളവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഫാസിസ്റ്റ് ശൈലിയുടെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ മുസ്‍ലിംകൾ.

രാഷ്ട്രീയ നേട്ടങ്ങൾക്കായി സംഘ്പരിവാർ നടത്തുന്ന മലേഗാവ് മോഡൽ സ്ഫോടനങ്ങളും ആക്രമണങ്ങളും മാതൃകയാക്കി കേരളത്തിലെ ചില കമ്യൂണിസ്റ്റ് പാർട്ടികൾ ‘ബൗദ്ധിക സ്ഫോടനങ്ങൾ’ നടത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. ജിഹാദ്, മാശാ അള്ളാ, കാഫിർ തുടങ്ങിയ പദപ്രയോഗങ്ങളെ അനവസരത്തിലും അനുചിതമായും ഉപയോഗപ്പെടുത്തിയാൽ വിജയിക്കില്ലെന്നും തിരിച്ചടിയാകുമെന്നുമുള്ള തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.

Most Popular

error: