ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹരിയാന, ജമ്മു കശ്മീർ നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബർ 18, രണ്ടാംഘട്ടം സെപ്റ്റംബർ 25, മൂന്നാംഘട്ടം ഒക്ടോബർ 1 തീയതികളാണ്.
ഹരിയാനയിൽ ഒക്ടോബർ 1നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ നാലിന്. കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേയ്ക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഹരിയാനയിലും ജമ്മു കശ്മീരിലും മാത്രമാണ് നിലവിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 87.09 വോട്ടർമാരാണ് ജമ്മു കാശ്മീരിൻ്റെ ജനാധിപത്യ ഭാഗധേയം നിശ്ചയിക്കുക. 11,838 പോളിങ്ങ് സ്റ്റേഷനുകൾ സജ്ജമാക്കും. ജമ്മു കശ്മീരിൽ 90 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 74 എണ്ണം ജനറൽ സീറ്റുകളാണ്. ഇതിൽ 9 സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ പോളിങ്ങ് ബൂത്തുകളിൽ വോട്ടുചെയ്യാൻ ആളുകളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നത് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അനുസ്മരിച്ചു. ഇത് തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ജമ്മു കശ്മീരും ഹരിയാനയും സന്ദർശിച്ചെന്നും ഇവിടങ്ങളിൽ ജനങ്ങൾ വലിയ ആവേശത്തിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ 2014ൽ അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് ബിജെപി പിന്തുണയോടെ പിഡിപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു അക്കാലയളവിലെ മുഖ്യമന്ത്രിമാർ. എന്നാൽ 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് 2019ൽ കശ്മീരിന്റെ സംസ്ഥാന പദവി പിൻവലിക്കുകയും ജമ്മു കശ്മീരും ലഡാക്കുമായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.