മക്ക: പിതാവിന്റെ ഖബറടക്കം കഴിഞ്ഞ്
തിരിച്ചുപോകുന്നതിനിടെ അപകടത്തിൽ മരിച്ച റിയാസിന് മക്കയിൽ അന്ത്യവിശ്രമം. പിതാവ് മലപ്പുറം വാഴയൂർ തിരുത്തിയാട്
സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74)
മാസ്റ്ററുടെ ഖബറിനരികെ
ഇന്നലെ(ചൊവ്വ) രാത്രി റിയാസിനെ മറവു ചെയ്‌തു. കഴിഞ്ഞ ദിവസം മക്കയിൽനിന്ന് ജോലി സ്ഥലമായ കുവൈത്തിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെ തായിഫിന് ഏകദേശം ഇരുന്നൂറ് കിലോമീറ്റർ അകലെ റിദ്വാനിലുണ്ടായ അപകടത്തിലാണ് റിയാസ് മരിച്ചത്.
അൽമോയ ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ
രാത്രിയാണ് ജന്നത്തുൽ മഹല്ലയിൽ മറവുചെയ്തത്. മസ്ജിദുൽ ഹറമിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷമായിരുന്നു ജന്നത്തുൽ മഹല്ലയിലെ ഖബറടക്കം.
ഹജിനിടെ കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് റിയാസിൻറെ പിതാവ് മുഹമ്മദ് മാസ്റ്ററെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് മരിച്ചുവെന്ന വിവരം എംബസി വഴി അധികൃതർ അറിയിച്ചത്.
മരണവിവരമറിഞ്ഞ് കുവൈത്തിൽനിന്ന് മക്കളായ സൽമാനും റിയാസും കുടുംബസമേതം മക്കയിലെത്തുകയും ചെയ്തു. പിതാവിന്റെ മയ്യിത്ത് മറവുചെയ്ത് മടങ്ങുന്നതിനിടെ റിയാസ് അപകടത്തിൽ മരിക്കുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് റിയാസിന്റെ മരണവിവരം ലോകം ശ്രവിച്ചത്. റിയാസിന് പിതാവിന്റെ അടുത്ത് അന്ത്യവിശ്രമം ഒരുക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്.