‘എന്നെ തൂക്കിക്കൊല്ലൂ; ക്രൂരനാണ് ഞാന്‍’; കുറ്റമേറ്റ് മരണം വിധിക്കാനാവശ്യപ്പെട്ട് പ്രതി

0
2588

കൊല്‍ക്കത്തിയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ പി.ജി വിദ്യാര്‍ഥിനി അതിക്രൂര ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യമാകെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം, ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടത്ര സുരക്ഷയൊരുക്കണം എന്നീ ആവശ്യങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടനകളടക്കം വലിയ പ്രതിഷേധങ്ങളാണ് നടത്തുന്നത്.
ഇതിനിടെ തന്നെ തൂക്കിക്കൊല്ലണം എന്ന ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ് പ്രതിയായ സഞ്ജയ് റോയ്.

കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് പ്രതിയുടെ പ്രതികരണം. ഇതിനു മുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട്. അമ്മയോടും സഹോദരിയോടും ഭാര്യമാരോടുമെല്ലാം വളരെ മോശമായാണ് പെരുമാറിയിട്ടുള്ളത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. 

മുപ്പത്തിമൂന്നുകാരനായ ഇയാള്‍  നാലുതവണ വിവാഹം കഴിച്ചതായാണ് വിവരം. ഭാര്യമാരെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് ഇയാള്‍ക്കൊരു ഹരമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വീട്ടില്‍ എപ്പോഴും വഴക്കും ബഹളവും മാത്രമായിരുന്നുവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ബെഹാലയില്‍‌ നിന്നാണ് ആദ്യം ഇയാള്‍ വിവാഹം കഴിച്ചത്. പാര്‍ക്ക് സര്‍ക്കസില്‍ നിന്നും ബറാഖ്പുരില്‍ നിന്നും അലിപുരില്‍ നിന്നും പിന്നെയും വിവാഹങ്ങള്‍ കഴിച്ചു. നാലാമത്തെ ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതിന് ഭാര്യാമാതാവ് പ്രതിക്കെതിരെ കാളിഗഢ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

സ്ത്രീ വിഷയത്തില്‍ തല്‍പരനായിരുന്ന പ്രതിയുടെ മൊബൈലില്‍ നിന്ന് നീലച്ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സാധാരണ ഒരു മനുഷ്യന് കണ്ടുനില്‍ക്കാവുന്ന തരം വിഡിയോകളല്ല. അതിക്രൂരമായ ബാലാത്സംഗ വിഡിയോകളാണ് പ്രതി സ്ഥിരമായി കണ്ടിരുന്നത്. പ്രതിയുടെ മാനസിക നിലയോര്‍ത്ത് ഞെട്ടിയെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ നിന്നാണ് പി.ജി മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തത്. അതിക്രൂര പീഡനമാണ് നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പ്രതി വിദ്യാര്‍ഥിയുടെ കഴുത്തില്‍ ഞെരിച്ചമര്‍ത്തിയാണ് കൃത്യം നടപ്പാക്കിയത്. തൈറോയ്ഡ് ഗ്രന്ഥി തകര്‍ക്കപ്പെട്ടു. വയറ്, ചുണ്ട്, വിരലുകള്‍, ഇടതുകാല്‍ തുടങ്ങി ശരീരമാസകലം ഗുരുതര പരുക്കാണുണ്ടായിരുന്നത്. മൂക്കും വായും പൊത്തിപ്പിടിച്ചു തല ഭിത്തിയിലിടിപ്പിച്ചു. വിദ്യാര്‍ഥി ശബ്ദമുണ്ടാക്കാതിരിക്കാനായിരുന്നു ഇത്. മുഖത്ത് നഖംകൊണ്ടുണ്ടായ മുറിവുകളാണ്. രണ്ടു കണ്ണുകളില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നു.