കൽപ്പറ്റ: ഹോസ്പിറ്റൽ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. സന്ദർശനത്തിനായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ ശേഷമാണ് മോദി മടങ്ങിയത്.
മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നു. ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടും. മെഡിക്കൽ സംഘത്തെയും കണ്ടു.
കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി സംസാരിച്ചു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരൽമലയിൽ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, സുരേഷ് ഗോപി, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. വയനാട് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക് എത്തുകയായിരുന്നു. ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ബെയ്‌ലിപ്പാലം, ആശുപത്രി, കലക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.