Thursday, 19 September - 2024

അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ മറുപടി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. അർജുൻ്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു.
ജില്ലാ കളക്ടർ ആണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുൻ്റെ കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വീട്ടിലെത്തിയപ്പോഴാണ് കുടുംബം നിവേദനം നൽകിയത്.

അതേസമയം അർജുന്റെ ഭാര്യക്ക് വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജോലി നൽകി. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞിരുന്നു. വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിലാണ് ജോലി നൽകുക. അർജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സർക്കാർ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

അർജുൻ്റെ വീട്ടുകാർ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാൽ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയിൽ ബാങ്ക് ഭരണസമിതി തന്നെ മുൻകൈ എടുത്തു. എല്ലാ നിലയിലും ഇക്കാര്യത്തിൽ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്.

Most Popular

error: