ഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കം അനിശ്ചിതത്വത്തിലെന്ന് സൂചന. ലണ്ടനിൽ രാഷ്ട്രീയഅഭയം തേടാൻ പദ്ധതിയിട്ടാണ് അവർ ഇന്ത്യ ഇടത്താവളമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, ഹസീനയ്ക്ക് രാഷ്ട്രീയഅഭയം നൽകാൻ യുകെ തയ്യാറാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ , നിലവിൽ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ കഴിയുന്ന ഹസീന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.
രാഷ്ട്രീയ അഭയം തേടുന്ന സ്വകാര്യ വ്യക്തികൾ ആദ്യം ചെന്നിറങ്ങുന്ന രാജ്യത്ത് അത് തേടുകയാണ് വേണ്ടതെന്ന് യുകെ നിലപാടെടുത്തതായാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ‘സംരക്ഷണം വേണ്ടവർക്ക് അത് നൽകിയ ചരിത്രമാണ് യുകെയുടേത്.
എന്തൊക്കെയായാലും അഭയം തേടിയോ താല്ക്കാലിക ആശ്വാസം തേടിയോ യുകെയിലെത്തുന്നവരെ അതിനനുവദിക്കാനുള്ള വ്യവസ്ഥ രാജ്യത്തില്ല. അന്താരാഷ്ട്ര സംരക്ഷണം വേണ്ട വ്യക്തികൾ അവർ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് തന്നെ അഭയം തേടുകയാണ് വേണ്ടത്’- യുകെ ഹോം മിനിസ്ട്രി വക്താവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ ഹസീന ഔദ്യോഗികമായി നൽകിയാതയും വിവരമുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ അഭയം തേടാനുള്ള സാധ്യതയും അവർ പരിശോധിക്കുന്നുണ്ട്. സഹോദരി രെഹാനയ്ക്ക് ഒപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഗാസിയാബാദിലെത്തിയത്.
യുകെ പൗരത്വമുള്ള രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് അവിടെ ലേബർ പാർട്ടി എംപിയാണ്. ബംഗ്ലാദേശിന്റെ സൈനികവിമാനത്തിൽ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ടെത്തി പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.
ഷെയ്ഖ് ഹസീനയ്ക്ക് വേണ്ട സഹായം ഇന്ത്യ ഉറപ്പുനൽകിയതായും സംഭവിച്ച കാര്യങ്ങളുടെ ഞെട്ടലിൽ നിന്ന് അവർ ഇനിയും മുക്തയായിട്ടില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു.
ബംഗ്ലാദേശിലെ പതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സൈനിക മേധാവിയുമായി സംസാരിച്ചതായും എസ് ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകം ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടിരുന്നു. ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശിൽ സൈനിക ഭരണം നിലവിൽ വരും.