വയനാട്: ദുരന്ത മേഖലയിലെ കുട്ടികളുടെ പഠനം സ്വാതന്ത്ര്യ ദിനത്തിനു ശേഷം പുനരാരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വയനാട്ടിലെത്തി ചര്‍ച്ച നടത്തും.
മനശാസ്ത്രപരമായ പിന്തുണ, താല്‍ക്കാലിക പഠന ഇടങ്ങള്‍, സാമഗ്രികളുടെ വിതരണം, തടസപ്പെട്ട ഷെഡ്യൂള്‍ ഉള്‍ക്കൊള്ളാനും അവശ്യ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാഠ്യപദ്ധതി ക്രമീകരണം, ഓണ്‍ലൈന്‍ പഠന സാധ്യതകള്‍, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കര്‍മ്മപരിപാടി തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും. മേഖലയിലെ ആറു സ്‌കൂളുകളെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട്. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് സ്‌കൂളിനാണ് ഏറ്റവും നാശമുണ്ടായത്.
സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രണ്ട് സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ദുരന്തമേഖലയില്‍ സ്‌കൂള്‍ കെട്ടിടം ഇനി പണിയില്ല. അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ഇനി ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ അതിനെ കൂടി നേരിടുന്ന രീതിയിലുള്ള ഗംഭീര കെട്ടിടമാകും നിര്‍മിക്കുക.
ഇതിനായി സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്തും. പൊതുജനങ്ങളില്‍നിന്നു ആശയങ്ങള്‍ സ്വീകരിക്കും. ടൗണ്‍ഷിപ്പിനൊപ്പം സ്‌കൂളുകളുടെയും രൂപരേഖയുണ്ടാക്കും. പ്രധാന കെട്ടിടം നിര്‍മിക്കും മുന്‍പ് താല്‍ക്കാലിക കെട്ടിടം സ്‌കൂളുകള്‍ക്കായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഷെഡ് കെട്ടണമോ വാടക കെട്ടിടം വേണോയെന്നെല്ലാം ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കും.
കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കാന്‍ അച്ചടി ആരംഭിച്ചു. ഇത് സൗജന്യമായി നല്‍കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ കിറ്റ് കൊടുക്കും. കിറ്റില്‍ ചോറ്റുപാത്രം, കുടിവെള്ള കുപ്പി, കുട ഉള്‍പ്പെടെ എല്ലാമുണ്ടാകും. ആദ്യഘട്ടത്തില്‍ എല്ലാം കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസെടുക്കുക ബുദ്ധിമുട്ടായതിനാല്‍ അതിന് വേണ്ട പദ്ധതി വിദ്യാഭ്യസ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റ് സ്‌കൂളുകളിലെ യോഗ്യരായ അധ്യാപകരെ കൂടി പ്രദേശത്തേക്ക് സ്ഥലം മാറ്റും.
അത് തികഞ്ഞില്ലെങ്കില്‍ സമീപ ജില്ലയായ കോഴിക്കോടുള്ള അധ്യാപകരെ നിയമിക്കും. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉറപ്പാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള കൗണ്ടര്‍ അവിടെ തന്നെ തുടങ്ങും. കൗണ്ടറില്‍ നിന്ന് ശേഖരിക്കുന്ന അപേക്ഷകളെല്ലാം തിരുവനന്തപുരത്ത് എത്തിച്ച ശേഷമാകും ക്രോഡീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക.