‘രക്ഷാപ്രവർത്തകരെ അപമാനിച്ചു’; ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ ഡി.ജി.പിക്ക് പരാതി

0
2077

മലപ്പുറം: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അപമാനിച്ച ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളിയാണ് പരാതി നൽകിയത്.

നാട് ഒരുമിച്ച് നിന്ന് ദുരന്തത്തിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുമ്പോൾ വിദ്വേഷപ്രചാരണത്തിനും രക്ഷാപ്രവർത്തകരെ അവഹേളിക്കാനുമാണ് ടി.ജി മോഹൻദാസ് ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

ദുരിതബാധിത പ്രദേശത്ത് ഓരോ സംഘടനയുടെയും ടീ ഷർട്ടുമിട്ട് കുറേ ആളുകൾ ചുമ്മാ നടക്കുകയാണ് എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.ജി മോഹൻദാസ് പറഞ്ഞത്. ഇവർ സുരക്ഷിത സ്ഥലത്ത് നിന്നാണ് ഫോട്ടോ എടുക്കുന്നത്.

രക്ഷാപ്രവർത്തകർ എന്ന് പറഞ്ഞ് വന്നവർ ധൃതിപിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും ഇവർ പോയിട്ടില്ല. അതിനടുത്തേക്ക് പോലും പോവാൻ ഇവർക്ക് പേടിയാണെന്നും ചില സംഘടനകളുടെ പേര് എടുത്തുപറഞ്ഞ് മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.