റിയാദ്: രണ്ടരപതിറ്റാണ്ട് കാലം പ്രവാസിയായി ഉരുകിത്തീർന്ന മലയാളിയെ വേണ്ടെന്ന് കുടുംബം. റിയാദിലെ അല്‍ഖര്‍ജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഇപ്പോള്‍ രോഗിയായ കൊല്ലം സ്വദേശിക്കാണ് ഈ ദുരനുഭവം. കൊല്ലം കുട്ടിയംമക്കാനകത്ത് വീട്ടില്‍ അഷ്‌റഫിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഭാര്യയും മകളും ഉൾപ്പെടുന്ന കുടുംബം അറിയിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂര്‍ എളയാവൂര്‍ സിഎച്ച് സെന്റര്‍ ഏറ്റെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
1997 ലാണ് അശ്‌റഫ് റിയാദില്‍ എത്തിയത്. അല്‍ഖര്‍ജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇത്രയും കാലം സ്വന്തം സ്‌പോണ്‍സറെ കാണാനാകാത്തതിനാല്‍ താമസ രേഖകള്‍ ശരിയാക്കാന്‍ സാധിച്ചിരുന്നില്ല. 2007 ന് ശേഷം പാസ്‌പോര്‍ട്ട് പുതുക്കുകയും ചെയ്തില്ല. സഊദിയിലെത്തിയത് മുതല്‍ ഇന്നേ വരെ നാട്ടിലേക്ക് പോകുകയുമുണ്ടായില്ല. പതിനൊന്നാം വയസില്‍ നാട് വിട്ട് ബോംബെയില്‍ പോയ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ എത്തി കല്യാണം കഴിക്കുകയും ആറ് മാസം കഴിഞ്ഞപ്പോള്‍ അവിടുത്തെ അഡ്രസില്‍ പാസ്‌പോര്‍ട്ട് എടുത്ത് സഊദിയിലേക്ക് വിമാനം കയറി.
പക്ഷെ, അതിന് ശേഷം കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇതിനിടെ വർഷങ്ങളുടെ മരുഭൂ ജീവിതത്തിനിടെ പ്രമേഹം മൂര്‍ഛിച്ചതോടെ കാലിലെ മുറിവിനെ തുടർന്ന് കാല് മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എല്ലാവരും കയ്യൊഴിഞ്ഞതോടെ അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. പക്ഷെ, ഇഖാമ ഇല്ലാത്തതിനാല്‍ ഹോസ്പിറ്റല്‍ പ്രവേശനം സാധ്യമായിരുന്നില്ല. തുടര്‍ന്ന് അല്‍ഖര്‍ജ് കെഎംസിസി ജനറല്‍ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ് പുന്നക്കാട് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സാഹായത്താല്‍ അവിടെ അഡ്മിറ്റ് ചെയ്യുകയും വലതുകാല്‍ മുറിച്ച് മാറ്റുകയും ചെയ്തു.
ഒരു മാസത്തെ ഹോസ്പിറ്റല്‍ വാസത്തിന് ശേഷം റൂം വാടകക്കെടുത്ത് താമസിപ്പിച്ച് മൂന്ന് മാസത്തോളം ഭക്ഷണം എത്തിച്ചു നല്‍കി അദ്ദേഹത്തെ പരിചരിച്ചത് അല്‍ഖര്‍ജ് ടൗണ്‍ കെഎംസിസി പ്രവര്‍ത്തകരായ ജാബിര്‍ ഫൈസി, സക്കീര്‍ പറമ്പത്ത്, സിദ്ദീഖ് പാങ്ങ്, നൗഫല്‍ കുനിയില്‍, ഫസ്‌ലു ബീമാപള്ളി, മുഖ്താര്‍ മണ്ണാര്‍ക്കാട്, ഷമീര്‍ പാറമ്മല്‍, സലീം മാണിതൊടി എന്നിവരായിരുന്നു. തൈ്വബ, മുംതാസ്, അല്‍മാഹ, മദീന, ചേനാടന്‍, മത്അം മദീന എന്നീ റെസ്റ്റോറന്റുകളുടെ സഹായത്തോടെയാണ് ഭക്ഷണം നല്‍കിയത്.
റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് ലഭിച്ചെങ്കിലും വര്‍ഷങ്ങളായി ഇഖാമ പുതുക്കാത്തതിനാല്‍ വന്ന 16200 റിയാല്‍ പിഴ നാട്ടിലേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസമായി. പിന്നീട് എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പിഴ ഒഴിവായിക്കിട്ടുകയും കഴിഞ്ഞ ബുധനാഴ്ച തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് ലഭിക്കുകയും ചെയ്തു. രേഖകള്‍ ശരിയാക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നസീം, ഷറഫ്, നേവല്‍ എന്നിവര്‍ മുമ്പന്തിയിലുണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രാ ഒരുക്കത്തിനിടെ ബന്ധുക്കളെ കൊല്ലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ, പൊന്നാനിയിലുള്ള ഭാര്യയെയും മക്കളെയും ബന്ധപ്പെട്ടെങ്കിലും ഇത്രയും കാലം തങ്ങളുമായി ബന്ധം പുലര്‍ത്താത്തതിനാല്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞതോടെ, പ്രതിസന്ധിയായി. തുടര്‍ന്ന് മട്ടന്നൂര്‍ പിടിഎച്ച് ഹോസ്പിസ് കണ്‍വീനര്‍ അബൂട്ടി മാസ്റ്ററുടെയും അല്‍ഖര്‍ജ് കെഎംസിസി മുന്‍ പ്രസിഡന്റ് അസീസ് ചുങ്കത്തറയുടെയും ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ എളയാവൂര്‍ സിഎച്ച് സെന്റര്‍ ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. ഞായറാഴ്ച്ച റിയാദില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അഷ്‌റഫിനെ അബൂട്ടി മാസ്റ്റര്‍ ശിവപുരത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സിഎച്ച് സെന്ററിലേക്ക് കൊണ്ടുപോയി. ഇനി ശിഷ്ട കാലം ഇദ്ദേഹം ഇവിടെ ജീവിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക