ജോർദാൻ കിരീടാവകാശിക്കും ഭാര്യ റജ്‍വ രാജകുമാരിക്കും “ഇമാൻ” പെൺ കുഞ്ഞു പിറന്നു

0
1084

റിയാദ്: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള രാജകുമാരനും ഭാര്യ റജ്‍വ രാജകുമാരിക്കും പെൺ കുഞ്ഞു പിറന്നു. ജോർദാനിയൻ റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ളയാളാണ് റജ്‍വ.

ഈ അവസരത്തിൽ തങ്ങളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്ന ജോർദാനിയൻ കുടുംബത്തിൽ നിന്നുള്ളവർ സമ്മാനങ്ങളോ പൂച്ചെണ്ടുകളോ അയയ്‌ക്കുന്നതിന് പകരം അനാഥരുടെ ഭാവിക്കായി അമാൻ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് ഹുസൈൻ രാജകുമാരനും റജ്‍വ രാജകുമാരിയും ആഗ്രഹിക്കുന്നുവെന്ന് ജോർദാനിയൻ റോയൽ കോർട്ട് പറഞ്ഞു.

റോയൽ കോർട്ട് കിരീടാവകാശിക്കും റജ്‍വ രാജകുമാരിക്കും അവരുടെ മകളുടെ ജനനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ അവരുടെ കൊച്ചുമകളുടെ ജനനത്തിൽ അബ്ദുല്ല ഇബ്‌നു അൽ ഹുസൈൻ രാജാവിനെയും റാനിയ അൽ അബ്ദുല്ല രാജ്ഞിയെയും അഭിനന്ദിച്ചു.

30 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയായ സാൻഡ്‌ഹർസ്റ്റിൽ നിന്നു ബിരുദധാരിയാണ്. യുഎസിലെ ജോർജ് ടൗൺ സർവകലാശാലയിൽ നിന്നു രാജ്യാന്തര ചരിത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

സൗദി വ്യവസായി ഖാലിദ് ബിൻ മുസൈദ് അൽ സെയ്ഫിന്റെയും അസ്സ ബിൻത് നായിഫ് അൽ സുദൈരിയുടെയും മകളായി റിയാദിലാണ് റജ്‍വ അൽ സെയ്ഫ് ജനിച്ചത്. റജ്‍വ തന്റെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം സൗദി അറേബ്യയിലും ഉന്നത വിദ്യാഭ്യാസം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലുമാണു നേടിയത്.

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു ഇവരുടെ വിവാഹം. ആഡംബരപൂർവം വാഹനഘോഷയാത്രയോടെയാണ് വധുവരന്മാരെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. രാജകുടുംബാംഗങ്ങളും രാഷ്ട്രത്തലവന്മാരും ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 
റിയാദിലായിരുന്നു വിവാഹനിശ്ചയ ചടങ്ങ്.