വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്

0
1286

ചൂരൽമല: രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളിൽ മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ തകർന്നും കിടക്കുന്ന വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വരെ 18 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.

പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്.

ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു.

രണ്ടു തവണയായാണ് ഉരുൾപൊട്ടിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പ്രഭവകേന്ദ്രത്തിൽനിന്നു കുതിച്ചൊഴുകിയെത്തിയ മലവെള്ളവും കൂറ്റൻ പാറക്കല്ലുകളും മുണ്ടക്കൈ ഗ്രാമത്തെ ഇല്ലാതാക്കി ചൂരൽമല ടൗണിലേക്കു കുതിച്ചെത്തുകയായിരുന്നു. രണ്ടു നിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിനു പകരം താൽക്കാലിക പാലമുണ്ടാക്കിയപ്പോഴേക്കും ഇന്നലെ വൈകിട്ട് അഞ്ചരയായി.

2019ൽ ഉരുൾപൊട്ടൽദുരന്തമുണ്ടായ പുത്തുമലയിൽനിന്നു 2 കിലോമീറ്റർ മാത്രം അകലെയാണു ചൂരൽമല. ഇവിടുത്തെ ശിവക്ഷേത്രവും സ്കൂൾ കെട്ടിടവും ഒലിച്ചുപോയി. അട്ടമല, മാൻകുന്ന്, വെള്ളരിമല, സീതാർകുണ്ട്, മാൻകുന്ന് പ്രദേശങ്ങളിലെല്ലാം വൻ നാശനഷ്ടമുണ്ട്.