മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അതീവ ഗുരുതരസാഹചര്യം, നിരവധി പേർ കുടുങ്ങി

0
1131

അപകടസൂചനയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫ് സംഘം താല്‍ക്കാലിക പാലം നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്

മരിച്ചത് 66 പേർ. മരണസംഖ്യ ഉയരുന്നു.

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു.

ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലെന്നു സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്.

എന്‍.ഡി.ആര്‍.എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.

മുണ്ടകൈയിൽ 150 ഓളം വീടുകൾ തകർന്നതായും മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി 175ലധികം പേരെ കാണാതായതായും വാർഡ് മെമ്പർ നൂറുദ്ദീൻ. മുണ്ടക്കൈയില്‍ മാത്രം 75ലധികം പേരെ കാണാതായി. ചൂരല്‍മല സ്‌കൂള്‍ മേഖലയില്‍ നിന്നും 100ലധികം പേരും കാണാതായതായും നൂറുദ്ദീൻ അറിയിച്ചു. 250ലധികം പേര്‍ മുണ്ടക്കൈ പുഞ്ചിരിമറ്റത്ത് കുടുങ്ങിക്കിടക്കുന്നുവെന്നും വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ പറഞ്ഞു.