Sunday, 27 April - 2025

എസ് ഐയുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് കോൺസ്റ്റബിൾ മരിച്ചു; ദുരൂഹത ആരോപിച്ച് ഉവൈസി

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ സബ് ഇൻസ്‌പെക്ടറുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് കോൺസ്റ്റബിൾ മരിച്ചു. പശുക്കടത്തുകാരെ പിടികൂടാൻ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. ബുലന്ദ്ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം.

ഇൻസ്‌പെക്ടർ അസ്ഹർ ഹുസൈന്റെ പിസ്റ്റൾ ജാമായതിനെ തുടർന്ന് സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ അത് അൺലോക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് വെടിപൊട്ടുകയും രാജീവ് കുമാറിന്റെ വയറ് തുളച്ചു കടന്നുപോയ ബുള്ളറ്റ് കോൺസ്റ്റബിൾ യഅ്ഖൂബിന്റെ തലയിൽ തറയ്ക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് യഅ്ഖൂബ് മരിച്ചത്. രാജീവ് കുമാർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു.

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇൻസ്‌പെക്ടറുടെ വയർ തുളച്ചു കടന്നുപോയ ബുള്ളറ്റ് യഅ്ഖൂബിന്റെ തലയിൽ തറച്ചുവെന്നാണ് പൊലീസ് പറയുന്നത്. അപ്പോൾ യഅ്ഖൂബ് എവിടെയാണ് നിന്നിരുന്നത്? ഈ വാദം അവിശ്വസനീയമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

Most Popular

error: