‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, അമരീഷ് പൂരി വരട്ടെ’: രാഹുൽ മാങ്കൂട്ടത്തിൽ

0
1800

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ സംഗീത സംവിധായകൻ രമേശ് നാരായണിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ. ഉദയനാണ് താരം എന്ന സിനിമയിലെ ‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ’ എന്ന സരോജ് കുമാറിന്റെ ഡയലോഗാണ് ഓർമ്മ വരുന്നതെന്ന് രാഹുല്‍ പറഞ്ഞു.

“ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ “, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അൽപത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായൺ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.

ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാൽ താല്‍പ്പര്യമില്ലാതെ, ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംഭവത്തിൽ രമേശ് നാരായണും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും രമേശ് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു. മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായൺ ന്യായീകരിച്ചു.

താൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ല. അതിനാൽ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ ജയരാജിന്റെ കയ്യിൽനിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാൽ ജയരാജനെ വിളിച്ചപ്പോൾ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായൺ പറഞ്ഞു.