വൈദ്യുതി പോസ്റ്റുകളോ ലൈനുകളോ അപകടത്തിലാണോ; ഇനി വാട്‌സ്ആപ്പിലൂടെ പരാതി അറിയിക്കാം

0
1322

തിരുവനന്തപുരം: നിങ്ങളുടെ വീടിനടുത്തോ മറ്റെവിടെയോ അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകളോ ലൈനുകളോ ഉണ്ടോ. എങ്കില്‍ വാട്‌സ്ആപ്പിലൂടെ കെഎസ്ഇബിയില്‍ പരാതി അറിയിക്കാം. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് കെഎസ്ഇബിയുടെ പ്രത്യേക വാട്സ് ആപ്പ് സംവിധാനം നിലവില്‍ വന്നു.

മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ഇബിയുടെ എമര്‍ജന്‍സി നമ്പറായ 9496010101 ലേക്കാണ് വാട്സ് ആപ്പ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള വൈദ്യുതി പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെന്‍ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്്ഷന്‍ ഓഫീസുകളിലേക്ക് പരിഹാര നിര്‍ദേശമുള്‍പ്പെടെ കൈമാറും.