ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോൽവിക്കു പിന്നാലെ ബദ്രീനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തോറ്റ് ബിജെപി. കോൺഗ്രസ് സ്ഥാനാർത്ഥി ലഖ്പത് സിങ് ബുടോള 5095 വോട്ടിനാണ് ബിജെപിയുടെ രാജേന്ദ്ര സിങ് ഭണ്ഡാരിയെ പരാജയപ്പെടുത്തിയത്. ബുടോളയ്ക്ക് 27,696 വോട്ടു കിട്ടിയപ്പോൾ ഭണ്ഡാരിക്ക് 22,601 വോട്ടു ലഭിച്ചു.
ഭണ്ഡാരി കോൺഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മംഗ്ലൂർ മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. പാർട്ടി സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദ്ദീൻ 422 വോട്ടിനാണ് ഇവിടെ ബിജെപിയെ പരാജയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്.
മതം രാഷ്ട്രീയവിഷയമാക്കരുത് എന്നാണ് ജനവിധി തെളിയിക്കുന്നതെന്ന് കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവി സുപ്രിയ ശ്രീനേത് പ്രതികരിച്ചു. ‘മതം വിശ്വാസമാണ്. അത് രാഷ്ട്രീയ വിഷയമല്ല. അയോധ്യയിൽനിന്ന് ബദ്രീനാഥ് വരെ ഇതാണ് ദൈവസന്ദേശം’ – എന്നാണ് സുപ്രിയ എക്സില്‍ കുറിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഭണ്ഡാരിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാനാകൂ എന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഗർവാൾ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന നിയമസഭാ സീറ്റാണ് ബദ്രീനാഥ്. ലോക്‌സഭയിൽ ഇവിടെ ബിജെപിയാണ് വിജയിച്ചിരുന്നത്.
അളകനന്ദ നദിയോട് ചേർന്നു കിടക്കുന്ന ബദ്രീനാഥ് ക്ഷേത്രം ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണിത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ചതുർധാമ തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ് ബദ്രീനാഥ് ക്ഷേത്രം. യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിവയാണ് മറ്റു ധാമുകൾ.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടം സന്ദർശിച്ച വേളയിൽ മുൻ സർക്കാറുകൾ വിശ്വാസ കേന്ദ്രങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് കുറ്റപ്പെടുത്തിയിരുന്നു. ബദ്രീനാഥിനെയും കേദാർനാഥിനെയും ബന്ധിപ്പിക്കുന്ന 3400 കോടി രൂപയുടെ റോപ് വേ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും ചെയ്തിരുന്നു.