Thursday, 12 December - 2024

‘മഹാത്മാ ഗാന്ധിയും ഇന്ദിരാഗാന്ധിയും പഠിച്ചത് വിദേശത്ത്’; വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ ആർ ബിന്ദു

തിരുവനന്തപുരം: വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് കുടിയേറുന്നതിൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നൽകി മാത്യു കുഴൽനാടൻ.

നോർക്കയുടെ മൈഗ്രേഷൻ സർവ്വേ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനാവശ്യത്തിനായി പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാണെന്ന് കുഴൽനാടൻ സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളുടെ കുടിയേറ്റം ആഗോള പ്രതിഭാസമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ മറുപടി നൽകി.

നാല് ശതമാനം വിദ്യാർത്ഥികളാണ് വിദേശത്തേക്ക് കുടിയേറിയത്. വിദേശ രാജ്യങ്ങൾ വിസാ ഇളവ് നൽകുന്നതാണ് കുടിയേറ്റത്തിന് കാരണം. ഏജൻസികൾ വിദ്യാർത്ഥികളെ വഞ്ചിക്കുന്നുണ്ട്. ഇത്തരം ഏജൻസികളെ സർക്കാർ നിയന്ത്രിക്കും. സർവ്വകലാശാലകളുടെ കീർത്തി വർദ്ധിച്ചു. സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ പാളിച്ചയില്ല. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ഒരു കുറ്റമല്ല. മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി, വി കെ കൃഷ്ണ മേനോൻ എന്നിവർ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സഭ ആത്മാർത്ഥമായി ചർച്ച ചെയ്യണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് രക്ഷപ്പെട്ടു പോയാൽ മതിയെന്നാണ് യുവതലമുറ വിശ്വസിക്കുന്നത്. യുവതലമുറ ആഗ്രഹിക്കുന്ന ജോലിയും ശമ്പളവും നൽകാൻ കേരളത്തിന് കഴിയുന്നില്ല. ശമ്പള സ്കെയിലിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ് കേരളം. മന്ത്രി സജി ചെറിയാൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല.

വാസ്തവം പറഞ്ഞ മന്ത്രിയെക്കൊണ്ട് നിങ്ങൾ പ്രസ്താവന തിരുത്തിച്ചുവെന്നും ഭരണപക്ഷത്തിനെതിരെ കുഴൽനാടൻ പറഞ്ഞു. നമുക്ക് ലഭിച്ച അവസരങ്ങൾ പലതും നഷ്ടമായത് പ്രത്യയശാസ്ത്ര പിടിവാശി കൊണ്ടാണ്. യുവതലമുറയെ പിടിച്ചുനിർത്താനുള്ള അന്തരീക്ഷമുണ്ടാക്കണം. അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്, കേരളം വൃദ്ധസദനമായി മാറുമെന്നും കുഴൽനാടൻ ആരോപിച്ചു. വിദ്യാർത്ഥികൾ പഠനത്തിന് വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്ന് മന്ത്രി മറുപടി നൽകി. പിന്നാലെ സ്പീക്ക‍ർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയന്ത്രണമില്ലാത്ത കുടിയേറ്റം കുട്ടികളെ നഷ്ടപ്പെടുത്തും. കേരളത്തിൽ 39 % തൊഴിലില്ലായ്മയുണ്ട്. സർക്കാറും ഗവർണറും തമ്മിലുള്ള തർക്കത്തിൽ ബലിയാടാകുന്നത് വിദ്യാർത്ഥികളാണ്. ആ പ്രശ്നം പരിഹരിക്കേണ്ടത് സർക്കാരാണ്. വിദേശത്ത് കുട്ടികൾ പഠിക്കുന്നത് നല്ല സ്ഥാപനത്തിലാണോ എന്ന് പരിശോധിക്കാൻ സംവിധാനം ഉണ്ടാകണമെന്നും വാക്ക് ഔട്ട് പ്രസം​ഗത്തിൽ വി ഡി സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം ഇറങ്ങി പോയി.

Most Popular

error: